മുംബൈ: ശിവസേനയെ നമുക്ക് മഹാവികാസ് അഘാഡിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആഹ്വാനവുമായി ശിവസേനയിലെ വിമത നേതാവ്. പാർട്ടിയിലെ വിമത നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയാണ് ഇങ്ങനെയൊരു ആഹ്വനവുമായി രംഗത്തു വന്നിരിക്കുന്നത്.
‘പ്രിയപ്പെട്ട ശിവസൈനികരേ, നമുക്ക് ശിവസേനയെ മഹാവികാസ് അഘാഡിയെന്ന വ്യാളിയുടെ കൈകളിൽ നിന്നും മോചിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്. എന്റെ ലക്ഷ്യം അതാണെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിനു വേണ്ടി മാത്രമാണ് ഞാൻ പ്രവർത്തിക്കുന്നത്. പാർട്ടിയുടെയും പാർട്ടി അംഗങ്ങളുടെയും നന്മ ലക്ഷ്യമാക്കിയാണ് എന്റെ ഓരോ ചുവടുകളും’ ട്വിറ്ററിൽ ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തു.
ഷിൻഡെയുടെ നേതൃത്വത്തിൽ നടക്കുന്ന വിമത എംഎൽഎമാരുടെ നീക്കത്തിനെതിരെ ഉദ്ധവ് താക്കറെയുടെ ചേരിയിലുള്ള ശിവസേന പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പൂനെയിലുള്ള ഒരു എംഎൽഎ ഓഫീസിൽ അടക്കം നിരവധി സ്ഥലങ്ങളിൽ അക്രമങ്ങൾ അവർ അഴിച്ചുവിട്ടു. ഇതിനെത്തുടർന്നാണ് ഏക്നാഥ് ഷിൻഡെ പ്രവർത്തകർക്കുള്ള വിശദീകരണവുമായി രംഗത്തു വന്നത്. കോൺഗ്രസ്-എൻസിപി എന്നിവരുമായുള്ള സഖ്യത്തിൽ നിന്നും സേനയെ മോചിപ്പിക്കാൻ നിതാന്ത പരിശ്രമം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments