കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിന്‍ഷക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പൊലീസ്. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസിനെ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: നാട്ടിലുണ്ടായിട്ടും ഭര്‍ത്താവിന്റേയും മകന്റേയും മുഖം അവസാനമായി കാണാന്‍ ശിവകല എത്തിയില്ല
ഇവര്‍ക്കൊപ്പം പഠിച്ച സ്ത്രീകളടക്കമുള്ള നിരവധി പേരെയാണ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധന ക്ലര്‍ക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാന്‍ സഹായിക്കാമെന്നും പറഞ്ഞ് ലക്ഷക്കണക്കിന് രൂപ വാങ്ങി പറ്റിച്ചത്. റെയില്‍വേ ടി ടി ആര്‍ ആണെന്നായിരുന്നു ബിന്‍ഷ നാട്ടുകാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം പറഞ്ഞിരുന്നത്. ടിടിആറിന്റെ യൂണിഫോമും ധരിച്ച് പലപ്പോഴും ഇവര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇവര്‍ക്കൊപ്പം ഒരു സ്ത്രീയടക്കം കുറച്ച് പേര്‍ കൂടി തട്ടിപ്പില്‍ കൂടെയുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. താനല്ല, ഒരു ‘മാഡ’മാണ് എല്ലാം കാര്യങ്ങളും ചെയ്തതെന്ന് ബിന്‍ഷ പറയുന്നുണ്ടെങ്കിലും അതാരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും ഇവരെയും ഉടന്‍ കണ്ടെത്താനാവുമെന്നും പൊലീസ് പറയുന്നു. ബിന്‍ഷക്കെതിരെ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരീക്ഷ ഫീസ്, ഇന്റര്‍വ്യൂ ഫീസ്, യൂണിഫോമിനുള്ള ചെലവ് എന്നിങ്ങനെ തവണകളായാണ് ഓരോരുത്തരില്‍ നിന്നും പണം തട്ടിയത്. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് പണം നഷ്ടമായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വരും ദിവസങ്ങളില്‍ ഇവരും പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്. ഇന്‍സ്റ്റഗ്രാം ഫെയ്‌സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അപ്പുകള്‍ വഴിയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചിരുന്നത്.
Post Your Comments