കൊച്ചി: നീണ്ട 28 വർഷങ്ങൾക്ക് ശേഷം നീതി കിട്ടിയ അഭയ കൊലക്കേസ് വിധിയിൽ സംശയം നിലനിർത്തി കോടതി ഉത്തരവ്. കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണ് കോടതി ഉന്നയിക്കുന്നത്. കേസിന്റെ മെഡിക്കൽ രേഖകളിലും, ബന്ധപ്പെട്ട വിദഗ്‌ധോപദേശങ്ങളിലും വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ നിർണ്ണായക സാക്ഷിയായ അടക്ക രാജുവിന്റെ മൊഴികളിൽ സംശയമുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
സാക്ഷിമൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നതടക്കം ഗുരുതരമായ പരാമർശങ്ങളാണ് ഉത്തരവിലുള്ളത്. തുടർന്നാണ് വിചാരണകോടതി ആശ്രയിച്ച വസ്തുതകൾ വിലയിരുത്തി അഭയ കൊലക്കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
‘കേസിലെ നിർണ്ണായക സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴികളിൽ സംശയമുണ്ട്. അന്വേഷണസംഘത്തിന് നൽകിയ മൊഴിയും രഹസ്യമൊഴിയും വിചാരണ സമയത്ത് പറഞ്ഞതും മൂന്നുതരത്തിലാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കോടാലി ആണെന്ന് പറഞ്ഞത് പിന്നീട് കൈക്കോടാലിയായി. ആയുധം ഇതുവരെ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടില്ല. സിസ്റ്റർ സെഫിയുമായി ബന്ധമുണ്ടെന്ന് ഫാദർ തോമസ് പറഞ്ഞു എന്ന മൊഴിയുണ്ട്. എന്നാൽ, അസാന്മാർഗികതയല്ല മറിച്ച് കൊലപാതകമാണ് കുറ്റകൃത്യം. ഫാ. തോമസ് കോട്ടൂരിന് നിഷിദ്ധമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചാൽപോലും മറ്റു ശക്തമായ സാഹചര്യങ്ങളില്ലാതെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പറയാനാവില്ല. കേസിന്റെ അപ്പീൽ നിലവിലുള്ളതിനാൽ ഇത്തരം വസ്തുതകളിലേക്ക് കൂടുതൽ കടക്കുന്നില്ല’- കോടതി ഉത്തരവിൽ പറയുന്നു.
Post Your Comments