KeralaLatest NewsNews

വ്യാപാര സ്ഥാപനങ്ങളിലും പമ്പുകളിലും പരിശോധന നടത്തി

 

 

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള ‘ജാഗ്രത’, ‘ക്ഷമത’ ഉപഭോക്തൃ ബോധവല്‍ക്കരണപരിപാടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടത്തി. ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. ജാഗ്രത പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 3787 വ്യാപാര സ്ഥാപനങ്ങളിലും ക്ഷമത പദ്ധതിയോടനുബന്ധിച്ച് 71 ഇന്ധന പമ്പുകളിലും പരിശോധനകള്‍ നടത്തുകയും ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അതു പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ കെ.ആര്‍ വിപിന്‍ അറിയിച്ചു.

നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള പരിശോധനകളും നടത്തി. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടത്തിയ പരിശോധനകളില്‍ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നാല് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 17000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന ജാഗ്രത പദ്ധതിയും ഇന്ധന വിതരണ പമ്പുകളിലെ കൃത്യത ഉറപ്പുവരുത്തുന്ന ക്ഷമത പദ്ധതിയും ലോക ഉപഭോക്തൃ അവകാശദിനമായ മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്.

ലീഗല്‍ മെട്രോളജി വകുപ്പിന്റെ പദ്ധതിയായ അളവു തൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ്പ് – ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ജില്ലയില്‍ നടത്തി. കോവിഡ് മൂലമോ, മറ്റു കാരണങ്ങളാലോ പുനപരിശോധന നടത്തുന്നതില്‍ കുടിശികയായ ഓട്ടോറിക്ഷ മീറ്റര്‍ അടക്കമുള്ള അളവുതൂക്ക ഉപകരണങ്ങള്‍ പിഴത്തുകയില്‍ ഇളവ് നല്‍കി, അദാലത്തില്‍ മുദ്ര ചെയ്തു നല്‍കി. ജില്ലയില്‍ 498 വ്യാപാരികള്‍ ഇത്തരത്തില്‍ കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിച്ചു.

shortlink

Post Your Comments


Back to top button