കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഡിപിഐയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എസ്ഡിപിഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. മതരാഷ്ട വാദികള്‍ക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലപ്പെടുത്താമെന്ന് എസ്ഡിപിഐ കരുതേണ്ടെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.
ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ബാലുശ്ശേരിയില്‍ വെള്ളിയാഴ്ച ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. അതേസമയം, സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ഇതില്‍ സാമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. ബുധനാഴ്ച രാത്രി ഒന്നരയോടെ കോട്ടൂര്‍ പാലോളിയില്‍ വച്ചായിരുന്നു സംഭവം. എസ്ഡിപിഐയുടെ ഫ്ലക്സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറാന്‍ വേണ്ടിയാണ് ജിഷ്ണു വന്നതെന്നും ഇത് കീറിയെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഫ്ലക്സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു.
രണ്ടുമണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിനു ശേഷമാണ് അക്രമിസംഘം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. ശരീരമാസകലം ജിഷ്ണുവിന് പരിക്കേറ്റിരുന്നു. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments