Article

ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങള്‍ 

ഇന്ത്യയുടെ 16-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് വ്യക്തമായതോട വാശിയേറിയ മത്സരത്തിന് കളമൊരുങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 16–ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് വ്യക്തമായതോട വാശിയേറിയ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എന്‍ഡിഎ ദ്രൗപദി മുര്‍മുവിനെയും പ്രതിപക്ഷം യശ്വന്ത് സിന്‍ഹയെയും ആണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.

1977ല്‍ മാത്രമാണ് മത്സരമില്ലാതെ രാഷ്ട്രപതിയെ തെരഞ്ഞെടുത്തത്. ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. രാജ്യസഭ, ലോക്സഭാ അംഗങ്ങളും എല്ലാ സംസ്ഥാനത്തിലെയും ഡല്‍ഹി, പോണ്ടിച്ചേരി നിയമസഭകളിലെ അംഗങ്ങളും ഉള്‍പ്പെട്ടതാണ് ഇലക്ടറല്‍ കോളേജ്. ഇലക്ടറല്‍ കോളേജില്‍ 4809 വോട്ടര്‍മാര്‍. ആകെ മൂല്യം 10,86,431.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലങ്ങള്‍

1952
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാജേന്ദ്രപ്രസാദ് വിജയിച്ചു. ഇടതുപപക്ഷം കെ.ടി ഷായെ മത്സരിപ്പിച്ചു. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു. വോട്ട് മൂല്യം: രാജേന്ദ്ര പ്രസാദ്: 5,07,400. കെ ടി ഷാ: 92,827.

1957

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രപ്രസാദ് ജയിച്ചു. രാജേന്ദ്രപ്രസാദ്: 4,59,698. ചൗധരി ഹരിറാം: 2,672. നാഗേന്ദ്ര നാരായണ്‍ദാസ്: 2,000.

1962
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണന്‍ വിജയിച്ചു. എതിരാളി ചൗധരി ഹരിറാം. എസ് രാധാകൃഷ്ണന്‍: 5,53,067. ചൗധരി ഹരിറാം: 6,341. യമുന പ്രസാദ് ത്രിശ്ലിയ–3537

1967

അന്നത്തെ ഉപരാഷ്ട്രപതി സക്കീര്‍ ഹുസൈനെ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മുന്‍ ചീഫ് ജസ്റ്റിസ് കോട്ട സുബ്ബറാവു. സക്കീര്‍ ഹുസൈന്‍ ജയിച്ചു. സക്കീര്‍ ഹുസൈന്‍: 4,71,244. കോട്ട സുബ്ബറാവു: 3,63,971

1969
വാശിയേറിയ മത്സരമാണ് നടന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നോമിനിയായ വി.വി ഗിരി വിജയിച്ചു. സക്കീര്‍ ഹുസൈന്റെ മരണത്തെത്തുടര്‍ന്ന് രാഷ്ടപതിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഉപരാഷ്ട്രപതി വി.വി ഗിരി സ്ഥാനങ്ങളെല്ലാം രാജിവച്ച് മത്സരിച്ചു. നീലം സഞ്ജീവ റെഡ്ഡിയായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. ഇന്ദിര വി.വി ഗിരിക്ക് പിന്തുണ നല്‍കി. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന 12ല്‍ 11 സംസ്ഥാനത്തും ഗിരി നേട്ടമുണ്ടാക്കി.

വി വി ഗിരി: 4,01,515. നീലംസഞ്ജീവ റെഡ്ഡി : 3,13,548. സി ഡി ദേശ്മുഖ്: 1,12,769.

1974

അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫക്രുദ്ദീന്‍ അലി ജയിച്ചു. ആര്‍എസ്പി സ്ഥാപകാംഗമായ ത്രിദിബ് ചൗധരിയായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഫക്രുദ്ദീന്‍ അലി: 7,65,587. ത്രിദിബ് ചൗധരി: 1,89,196.

1977

തെരഞ്ഞെടുപ്പ് ഫക്രുദ്ദീന്‍ അലിയുടെ മരണത്തെത്തുടര്‍ന്ന്. 37 നാമനിര്‍ദ്ദേശ പത്രികയില്‍ 36ഉം തള്ളിപ്പോയി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലം സഞ്ജീവ റെഡ്ഡി എതിരില്ലാതെ ജയിച്ചു.

1982

കോണ്‍ഗ്രസിന്റെ ഗ്യാനി സെയില്‍ സിങ്ങിനെതിരെ ഒമ്പത് പ്രതിപക്ഷ പാര്‍ട്ടിയുടെ സംയുക്ത സ്ഥാനാര്‍ഥിയായി മുന്‍ സുപ്രീം കോടതി ജഡ്ജി എച്ച് ആര്‍ ഖന്ന മത്സരിച്ചു. സെയില്‍ സിങ് വിജയിച്ചു. സെയില്‍ സിങ്:7,54,113. എച്ച് ആര്‍ ഖന്ന: 2,82,685.

1987
ഉപ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. ഇടതുപാര്‍ട്ടികള്‍ പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ സ്ഥാനാര്‍ത്ഥിയാക്കി. വെങ്കിട്ടരാമന്‍: 7,40,148. വി ആര്‍ കൃഷ്ണയ്യര്‍: 2,81,550.

1992
കോണ്‍ഗ്രസിന്റെ ശങ്കര്‍ദയാല്‍ ശര്‍മ വിജയിച്ചു. മുന്‍ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ജോര്‍ജ് ഗില്‍ബര്‍ട്ട് സ്വെല്ലായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ശങ്കര്‍ദയാല്‍ ശര്‍മ: 6,75,804. ജോര്‍ജ് ഗില്‍ബര്‍ട്ട് സ്വെല്‍: 3,46,485.

1997
ഭരണകക്ഷിയായ യുണൈറ്റഡ് ഫ്രണ്ട് സ്ഥാനാര്‍ഥി കെ ആര്‍ നാരായണന്‍. കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു. ശിവസേനയും ചില സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെ മുന്‍ തെരഞ്ഞെടുപ്പു കമീഷണറായിരുന്ന ടി.എന്‍ ശേഷന്‍ മത്സരിച്ചു. അദ്ദേഹത്തിന് കെട്ടിവച്ച കാശ് നഷ്ടമായി. കെ ആര്‍ നാരായണന്‍ രാജ്യത്തെ ആദ്യ ദളിത് രാഷ്ട്രപതിയായി. കെ ആര്‍ നാരായണന്‍: 9,56,290.
ടി എന്‍ ശേഷന്‍: 50,361.

2002

ബിജെപി നിര്‍ദ്ദേശിച്ച എപി ജ അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസടക്കമുള്ള ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറായി. ഇടതു പാര്‍ട്ടികള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ത്ഥിയാക്കി. അബ്ദുള്‍ കലാം ജയിച്ചു. അബ്ദുള്‍ കലാം: 9,22,884. ക്യാപ്റ്റന്‍ ലക്ഷ്മി: 1,07,366.

2007

യുപിഎയുടെയും ഇടതുപാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥി പ്രതിഭ പാട്ടീല്‍ ജയിച്ചു. രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതി. ബിജെപി പിന്തുണയില്‍ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ഷെഖാവത്ത് മത്സരിച്ചു. പ്രതിഭ പാട്ടീല്‍: 6,38,116. ഷെഖാവത്ത്: 3,31,306

2012

യുപിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രണബ് മുഖര്‍ജി ജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ പി.എ സാങ്മ. പ്രണബ്: 7,13,763. സാങ്മ: 3,15,987.-

2017
എന്‍ഡിഎയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ജയിച്ചു. 65.65 ശതമാനം വോട്ട് നേടി. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.

രാംനാഥ് കോവിന്ദ്: 7,02,044. മീരാ കുമാര്‍: 3,67,314

 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മു വെള്ളിയാഴ്ചയും പത്രിക നല്‍കും. പത്രികാസമര്‍പ്പണത്തിന് ശേഷം വോട്ട് അഭ്യര്‍ഥിച്ച് എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുമെന്ന് സിന്‍ഹ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button