മുംബൈ: ശിവസേന ഹിന്ദുത്വത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ഉദ്ധവ് താക്കറെ ആവർത്തിക്കുമ്പോഴും മതേതരത്വമെന്ന ആശയത്തിലാണ് പാർട്ടി പൊയ്‌ക്കൊണ്ടിരുന്നതെന്ന് വിമതർ ചൂണ്ടിക്കാട്ടി. കങ്കണയുമായുള്ള പ്രശ്നവും, സുശാന്തിന്റെ മരണത്തിൽ ആദിത്യയുടെ പേര് ഉയർന്നു വന്നതുമെല്ലാം പാർട്ടിക്കിടയിൽ അസ്വസ്ഥതകൾ ഉണ്ടാക്കി. ഏറ്റവുമൊടുവിൽ, പ്രവാചക നിന്ദാ വിവാദത്തിൽ നൂപുർ ശർമയ്‌ക്കെതിരെ പ്രക്ഷോഭങ്ങൾ വന്നപ്പോൾ ഉദ്ധവ് താക്കറെ ബിജെപിക്കും മോദിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ചൊടിപ്പിച്ചു.
കാൽ കെട്ടിയിട്ട് ഓടാൻ പറയുന്നത് പോലെയാണ് നേതൃത്വത്തിന്റെ രീതികൾ പ്രവർത്തകരിൽ പ്രതിസന്ധി സൃഷ്ടിച്ചത്. സൂറത്തിൽ നിന്ന് വിമത എംഎൽഎമാർക്കൊപ്പം ഗുവാഹത്തിയിൽ, എത്തിയപ്പോഴും ഷിൻഡെ ആരെയും മുറിപ്പെടുത്താൻ ശ്രമിക്കുന്നില്ല. പാർട്ടി മാറുന്ന പ്രശ്‌നമില്ല. ഞങ്ങൾ ബാലസാഹേബ് താക്കറെയുടെ ഹിന്ദുത്വ പിന്തുടരും, ഇതാണ് വാക്കുകൾ. ഉദ്ധവ് താക്കറെയോടുള്ള പരിഹാസമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ശിവസേനയുടെ മുഖ്യനിലപാടായ ഹിന്ദുത്വയിൽ നിന്ന് ഉദ്ധവ് താക്കറെ പാർട്ടിയെ അകറ്റുന്നതായി വിമർശനങ്ങൾ ഉണ്ടായിരുന്നു.
നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ ഉദ്ധവ് താക്കറെ മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചിരുന്നു. എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ് ശിവസേനയുടെ ഹിന്ദുത്വ എന്ന് നിർവചിക്കുകയും ചെയ്തു. ബാലസാഹേബിന്റെ കടുത്ത അനുയായിയായ ഷിൻഡെയ്ക്കും കൂട്ടർക്കും ഇത് ദഹിച്ചില്ല. പാർട്ടിയുടെ നടത്തിപ്പിലും, തന്നെ പോലുള്ള പഴയ ശിവസൈനികരോടും ഉള്ള പെരുമാറ്റത്തിലും, ഷിൻഡെ അസ്വസ്ഥനായിരുന്നു. നേതൃത്വത്തിൽ വന്ന തലമുറ മാറ്റത്തോടെ താൻ തഴയപ്പെടുന്നു എന്ന തോന്നലായി.
മന്ത്രി എന്ന നിലയിൽ മുംബൈ മെട്രോപോളിറ്റൻ റീജിയൺ ഡവലപ്‌മെന്റ് അഥോറിറ്റി ചെയർപേഴ്‌സണാണ് ഷിൻഡെ. എന്നാൽ, പരിസ്ഥിതി കാര്യ മന്ത്രി എന്ന നിലയിൽ ആദിത്യ താക്കറെ, അഥോറിറ്റി യോഗങ്ങളിൽ പങ്കെടുത്തതും ഷിൻഡെയ്ക്ക് ഇഷ്ടമായില്ല. മാതോശ്രീയിലെ പ്രവേശനത്തിന് തനിക്ക് വന്ന നിയന്ത്രണങ്ങളും ഷിൻഡെയെ അലോസരപ്പെടുത്തി. ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച തീർത്തും അസാധ്യമായെന്ന വിമർശനം പാർട്ടിയിലുണ്ടായിരുന്നു. ഒരു പ്രശ്‌നം വന്നാൽ, ഉദ്ധവിനെ നേരിട്ട് സമീപിക്കാൻ കഴിയാത്ത സാഹചര്യം.
എൻസിപിയുടെ വാലായി ശിവസേന മാറുന്നുവെന്ന പ്രവർത്തകരുടെ വികാരം. അജിത് പവാർ മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നു, പാർട്ടി അദ്ധ്യക്ഷന്റെ ജോലി സഞ്ജയ് റാവുത്ത് ഏറ്റെടുത്തു, തുടങ്ങിയ വിമർശനങ്ങളും ഉയർന്നിരുന്നു. മഹാവികാസ് അഘാഡി സഖ്യസർക്കാർ രൂപവത്കരിക്കാൻ എൻസിപിയോടും, കോൺഗ്രസിനോടും കൂട്ടുചേരാനുള്ള ഉദ്ധവിന്റെ തീരുമാനത്തോടും ഷിൻഡെയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. സഖ്യകക്ഷിയായ എൻസിപി ശിവസേനയുടെ ഭാവി തകർക്കുന്നുവെന്നായിരുന്നു ഷിൻഡെയുടെ വിശ്വാസം.
അതുകൊണ്ടാണ് ഉദ്ധവ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നും, താൻ പാർട്ടി വിട്ടിട്ടില്ലെന്നും സൂറത്ത് വിമാനത്താവളത്തിൽ വച്ച് ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദ്ധവ് അനുനയ ശ്രമം നടത്തിയപ്പോഴും, ഷിൻഡെയുടെ ഉപാധി ഇതായിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് കൂട്ടുചേരണം. എന്നാൽ, ശിവസേന എന്തുകൊണ്ട് 25 വർഷത്തെ ബിജെപി സഖ്യം ഉപേക്ഷിച്ചുവെന്ന കാര്യം ഓർക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ മറുപടി.
Post Your Comments