കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു. ഭൂചലനം ഏറെ നാശംവിതച്ച പക്തിക പ്രവിശ്യയിലാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുന്നത്. മലനിരകളാല്‍ നിറഞ്ഞ മേഖലയില്‍ നേരത്തെ തന്നെ ഗതാഗത സൗകര്യം പരിമിതമായിരുന്നു.
മലയിടിഞ്ഞതിനൊപ്പം കനത്ത മഴകൂടിയായതോടെ 24 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് പല മേഖലകളിലും എത്താന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യുണിസെഫ് മേധാവി സാം മോര്‍ട്ട് അഫ്ഗാനിലെ പ്രതിനിധികളെ ഉദ്ധരിച്ച് അറിയിച്ചത്. രണ്ടായിരത്തിലധികം വീടുകള്‍ തകര്‍ന്നു. നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ള റെഡ് ക്രസന്റ് ഉള്‍പ്പെടെ സംഘടനകളും യു.എന്‍ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്.
അതേസമയം, അഫ്ഗാനില്‍ സര്‍വസജ്ജരായ ദുരന്ത നിവാരണ സേനയോ ആരോഗ്യ സംവിധാനമോ ഇല്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേേശിപ്പിച്ചു.
ദുരന്തത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ദുഖം രേഖപ്പെടുത്തി. സാഹചര്യം വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചു. അഫ്ഗാനിസ്ഥാന് എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന് ചൈനയും വ്യക്തമാക്കി. 20 വര്‍ഷത്തിനിടയിലെ ഏറ്റവും അപകടകരമായ ഭൂചലനമാണ് അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെട്ടത്.
Post Your Comments