ആറ്റിങ്ങൽ: ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറ്റി അച്ഛൻ ജീവനൊടുക്കി. കാറിൽ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരനായ മകനും അപകടത്തില്‍ മരിച്ചു. നെടുമങ്ങാട് കരുപ്പൂർ മല്ലമ്പറക്കോണം ദേവീനിവാസിൽ (കേശവഭവൻ) നിന്ന് പേരൂർക്കട നെട്ടയം മണികണ്‌ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ മാമം പാലത്തിനു സമീപമാണ് സംഭവം. എറണാകുളത്തുനിന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേയ്ക്ക് ഡീസലുമായി പോയ ടാങ്കർ ലോറിയിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറ്റുകയായിരുന്നു. ലോറിയുമായി ഇടിച്ച കാർ പൂർണ്ണമായി തകർന്നു. യാത്രക്കാരും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രകാശ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് കാറിനുള്ളിൽനിന്ന് പോലീസിനു ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ‘എന്റെയും എന്റെ മക്കളുടെയും മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നപേക്ഷിക്കുന്നു’ എന്ന കുറിപ്പും ഏതാനും പേരുടെ ചിത്രങ്ങളും പ്രകാശ് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രകാശ് നെടുമങ്ങാട് കരുപ്പൂരിനു സമീപം മദർതെരേസ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നടത്തിയിരുന്നു. മൂന്നു വർഷം മുമ്പ് സ്‌കൂൾ അടച്ചുപൂട്ടിയതിനെത്തുടർന്നാണ് പേരൂർക്കടയിലേയ്ക്ക് താമസം മാറിയത്. പ്രകാശിന്റെ ഭാര്യ ശിവകല ബഹ്റൈനിലാണ്. കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രയാസങ്ങളും പ്രകാശിനെ അലട്ടിയിരുന്നതായാണ് സൂചന. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ് ശിവദേവ്.
Post Your Comments