മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം നേടുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയാവും ഇന്ത്യയുടെ ലോകകപ്പ് ടീമിനെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുക. എന്നാല്‍, ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത രണ്ട് താരങ്ങളുടെ പേരുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും കമന്‍റേറ്ററുമായ ഗ്രെയിം സ്മിത്ത്.
‘നീണ്ട ഇടവേളക്കുശേഷം ടീമിലെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കുമാണ് ആ താരങ്ങൾ. ലോകകപ്പിന് മുമ്പ് ഇനിയും ഒരുപാട് മത്സരങ്ങള്‍ നടക്കാനുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ല. എങ്കിലും ഉറപ്പു പറയാവുന്ന ഒരു കാര്യം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത രണ്ട് കളിക്കാരെ കുറിച്ചാണ്. ഹര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കുമാണത്’.
‘ഇരുവരും ഈ ടീമിന്‍റെ അവിഭാജ്യ ഘടകങ്ങളാണിപ്പോള്‍. ഫിനിഷറുടെ റോളില്‍ പരിചയസമ്പന്നനായ ഡികെ തിളങ്ങുമ്പോള്‍ കളി നിയന്ത്രിക്കുന്നതില്‍ ഹര്‍ദ്ദിക് കാതങ്ങള്‍ മുന്നോട്ട് പോയിരിക്കുന്നു. മാനസികമായും കരുത്തനായ ഹര്‍ദ്ദിക് ലോകകപ്പില്‍ ഇന്ത്യയുടെ എക്സ് ഫാക്ടറാകുന്നതിനൊപ്പം ടീമിന് വേണ്ട സന്തുലനവും നല്‍കുമെന്നുറപ്പാണ്’.
Read Also:- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്ക!
‘ഹര്‍ദ്ദിക്കിനൊപ്പം സ്പിന്‍ ഓള്‍ റൗണ്ടറായി ജഡേജ കൂടിയുള്ളത് ഇന്ത്യക്ക് മുന്നില്‍ ഒരുപാട് സാധ്യതകള്‍ മുന്നോട്ടുവെക്കുന്നു. അതുകൊണ്ടുതന്നെ ഇരുവരും ലോകകപ്പ് ടീമിലെത്താതിരിക്കാന്‍ യാതൊരു സാധ്യതയും താന്‍ കാണുന്നില്ല’ സ്മിത്ത് പറഞ്ഞു.
Post Your Comments