ഹൈദരാബാദ്: തെലങ്കാന ഭരിക്കുന്ന പാർട്ടിയായ ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) ഇനി ബിആർഎസ് ആയി മാറും. തെലങ്കാനയിൽ ഒതുങ്ങിനിൽക്കാതെ ദേശീയതലത്തിൽ വളരുന്നതിന്റെ തുടക്കമായാണ് പേരുമാറ്റം. സമാനമായ മാറ്റം പതാകയിലും ഉണ്ടാകും. പതാകയിൽ തെലങ്കാനയ്ക്കു പകരം ഇന്ത്യയുടെ ചിത്രം ഉൾപ്പെടുത്തും. ബിആർഎസ് എന്നാൽ ഭാരതീയ രാഷ്ട്ര സമിതി, ഭാരത് രാഷ്ട്രീയ സമിതി, ഭാരത് രാഷ്ട്ര സമിതി എന്നീ പേരുകളിലൊന്നിന്റെ ചുരുക്കമാകും.
എന്നാൽ, ഏതു വേണമെന്ന് അന്തിമ തീരുമാനമായിട്ടില്ല. ഈ മാസം 21ന് നടക്കുന്ന പാർട്ടി എക്സിക്യൂട്ടീവിൽ മാറ്റങ്ങൾ കൊണ്ടുവരും. തിരഞ്ഞെടുപ്പ് ചിഹ്നമായ കാർ തുടരും. ടിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ജൂൺ 21-നോ 22-നോ പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് ടിആർഎസിന്റെ പേര് ബിആർഎസ് എന്നാക്കാനുള്ള പ്രമേയം പാസാക്കാനാണ് തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ബിജെപിക്ക് ഒരു ബദൽ രാഷ്ട്രീയ അജണ്ട വാഗ്ദാനം ചെയ്ത് ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ഈ നീക്കം സഹായിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. അതേസമയം ടിആർഎസിനെ അധികാരത്തിലേറ്റിയ തെലങ്കാനയിലെ ജനങ്ങൾക്ക് കെസിആർ ഭരണത്തിൽ നിരാശയാണ് ഉള്ളത്. കേന്ദ്രത്തിന്റെ സൗജന്യ സഹായമോ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായമോ ശരിയായി ആർക്കും ലഭിച്ചിട്ടില്ലെന്ന് വ്യാപക പരാതിയുണ്ട്.
Post Your Comments