ശ്രീനഗർ: പുൽവാമയിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നു. പാംപോർ സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മീറാണ് കൊല്ലപ്പെട്ടത്. എസ്.ഐയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തെ പറമ്പിൽ വച്ച് കൊന്നതായാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റൾ കാട്രിഡ്ജുകളും കണ്ടെടുത്തു. ജമ്മു കശ്മീരിൽ ടാർഗെറ്റ് കില്ലിംഗിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്.ഐയുടെ കൊലപാതകം.
അതേസമയം, എസ്.ഐയുടെ മൃതദേഹം സമ്പൂരിലെ നെൽവയലിൽ നിന്നും കണ്ടെത്തുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ചേർന്നാണ് കൊല നടത്തിയതെന്നാണ് വിവരം. സംഭവത്തിന് പിന്നിൽ, ഏത് സംഘടനയാണെന്ന് ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ സുരക്ഷാസേന പ്രദേശമാകെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി ജമ്മു കശ്മീരിൽ ടാർഗെറ്റ് കില്ലിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുൽഗാമിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇരുവരും. പാംപോറയിലെ ലെത്ത്‌പെരയിലെ 23 ബറ്റാലിയൻ ഐ.ആർ.പിയിലാണ് ഫാറൂഖ് അഹമ്മദിനെ നിയമിച്ചിരുന്നത്. അച്ഛനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ഫാറൂഖ് അഹമ്മദ് മീറിൻ്റെ കുടുംബം. ഇവരിൽ രണ്ട് പെൺമക്കളും ഒരു മകനും ഉൾപ്പെടുന്നു.
Post Your Comments