KeralaLatest NewsNews

മുതിർന്നവരെ ബഹുമാനിക്കാനും സഹായിക്കാനും യുവതലമുറയ്ക്ക് ബോധവൽക്കരണം നൽകണം: മന്ത്രി

 

തിരുവനന്തപുരം: മുതിർന്ന പൗരൻമാരെ ബഹുമാനിക്കാനും ബുദ്ധിമുട്ടുകളിൽ സഹായിക്കാനും യുവതലമുറയ്ക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകേണ്ടതിന്റെ ആവശ്യകത ഏറിവരികയാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനവും വയോസേവന അവാർഡ് സമർപ്പണവും വയോജന സർവെ റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ 2021-ലെ വയോസേവന ആജീവനാന്ത നേട്ടം പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് മന്ത്രി സമ്മാനിച്ചു. നാടക പ്രവർത്തനത്തിനുള്ള പുരസ്‌കാരം നിലമ്പൂർ ഐഷയ്ക്കും, കായിക താരത്തിനുള്ള പുരസ്‌കാരം രാജം ഗോപിക്കും, തങ്കമ്മ വി.കെയ്ക്കും ലഭിച്ചു. സാമൂഹിക ,സാംസ്‌കാരിക, കലാരംഗത്തെ മികവിനുള്ള പുരസ്‌കാരം ഉസ്താദ് ഹസ്സൻ ഭായിക്കും, ആർ.സി കരിപ്പത്തിനും മന്ത്രി സമ്മാനിച്ചു.

വയോജന സേവനരംഗത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം സ്വന്തമാക്കിയപ്പോൾ മികച്ച ബ്ലോക്ക് പഞ്ചായത്തായി മാനന്തവാടിയും, ഗ്രാമ പഞ്ചായത്തായി അരിമ്പൂർ പഞ്ചായത്തും തെരഞ്ഞെടുക്കപ്പെട്ടു. മെയിന്റനസ് ട്രൈബ്യൂണലിനുള്ള പുരസ്‌കാരം ഇരിങ്ങാലക്കുട മെയിന്റനസ് ട്രൈബ്യൂണലിന് ലഭിച്ചു. തിരുവനന്തപുരത്തെ പുലയനാർകോട്ടയിലുള്ള കെയർ ഹോം മികച്ച സർക്കാർ വൃദ്ധ സദനമായി തെരഞ്ഞെടുക്കപ്പെട്ടു. ഗിൽ ഗാൽ ആശ്വാസഭവൻ ചാരിറ്റബിൾ ട്രസ്റ്റ് 2021ലെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരവും നേടി.

കോവിഡ് ബാധിച്ച വയോജനങ്ങൾക്കിടയിൽ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നാഷണൽ സർവീസ് സ്‌കീം നടത്തിയ ‘ഉദ്‌ബോധ്’ സർെവയിൽ ഏകദേശം 2 ലക്ഷത്തിലേറെ മുതിർന്ന പൗരൻമാരെ നേരിട്ട് കണ്ട് വിവര ശേഖരം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിന്റെ പ്രകാശനവും ചടങ്ങിൽ ഹയർസെക്കൻഡറി, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി മന്ത്രി നിർവ്വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പാളയം രാജൻ, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെറിൻ എം.എൽ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എം.അഞ്ജന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button