പല കാരണങ്ങൾ കൊണ്ട് ചർമ്മ പ്രശ്‌നങ്ങളുണ്ടാകാം. ആകെ ആരോഗ്യത്തിന്റെ അവസ്ഥ എത്തരത്തിലാണോ ഉള്ളത് അത് തന്നെയാണ് ഒരു വലിയ പരിധി വരെ ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമെല്ലാം പ്രതിഫലിക്കാറ്. അത്തരത്തിൽ ചില ചർമ്മപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന ഒരു കാരണത്തെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടൊരു ഘടകമാണ് ‘അയേൺ’. അയേണിന്റെ അളവ് കുറയുമ്പോഴാണ് പ്രധാനമായും വിളർച്ച ഉണ്ടാകുന്നത്.
ഇതോടൊപ്പം തന്നെ, ചില ചർമ്മപ്രശ്‌നങ്ങളും ‘അയേൺ’ കുറവിനെ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ചർമ്മം മഞ്ഞ നിറം കയറി വിളറിയിരിക്കുന്നതാണ് ഒരു സൂചന. ഇതിന് പുറമെ, ചർമ്മം വരളുന്നത്, ചൊറിച്ചിലുണ്ടാകുന്നത്, പാളികളായി ചർമ്മം അടർന്നുപോരുന്നത് എന്നിവയെല്ലാം ‘അയേൺ’ കുറവിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ആരോഗ്യമുള്ള ചർമ്മത്തിന് ‘അയേൺ’ ആവശ്യമാണ്. പരമാവധി ഇത് ഭക്ഷണത്തിലൂടെ തന്നെ നേടാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം ഡോക്ടറെ കണ്ട് ആവശ്യമായ നിർദ്ദേശങ്ങൾ തേടുക തന്നെ ചെയ്യേണ്ടി വരും. ആകെ ക്ഷീണിച്ചത് പോലെ മുഖവും ശരീരവും തോന്നിപ്പിക്കാനും, നഖങ്ങളും മുടിയുമെല്ലാം മങ്ങി- വരണ്ട് നിൽക്കാനുമെല്ലാം ‘അയേൺ’ കുറവ് കാരണമാകുന്നുണ്ട്. അതിനാൽ, മറ്റ് ലക്ഷണങ്ങൾക്കൊപ്പം ചർമ്മ പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ ആദ്യം ഡയറ്റ് ക്രമീകരിക്കുക. ശേഷവും മാറ്റമില്ലെങ്കിൽ തീർച്ചയായും വിദഗ്ധന്റെ സഹായം തേടുക.
Post Your Comments