തിരുവനന്തപുരം: നാഷണൽ ഇ-ഗവേണൻസ് ഡെലിവറി അസസ്‌മെന്റിൽ കേരളം ഇന്ത്യയിൽ മുന്നിൽ. നാഷണൽ ഇ-സർവീസ് ഡെലിവറി അസസ്‌മെന്റിന്റെ സ്റ്റേറ്റ് പോർട്ടൽ വിഭാഗത്തിൽ ഗ്രൂപ്പ് ‘എ’യിൽ കേരളം രാജ്യത്ത് ഒന്നാമതെത്തി. ഡിജിറ്റൽ സർവീസ് ഡെലിവറി വിഭാഗത്തിൽ ഗ്രൂപ്പ് ‘എ’യിൽ ആറാം റാങ്കും കേരളത്തിനാണ്. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റിവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവെൻസസ്(ഡിഎആർപിജി)യാണ് നാഷണൽ ഇ-ഗവേണൻസ് സർവീസ് ഡെലിവറി അസസ്‌മെന്റ് നടത്തുന്നത്.
സർക്കാരിന്റെ www.kerala.gov.in, www.services.kerala.gov.in എന്നീ പോർട്ടലുകളാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച ഏകജാലക സംവിധാനമെന്ന നിലയ്ക്കാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ www.kerala.gov.in ന്റെ നേട്ടം. തമിഴ്‌നാട്, പഞ്ചാബ് എന്നിവയാണ് ഈ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർ. ഡിജിറ്റൽ ഡെലിവറി സർവീസ് വിഭാഗത്തിലാണ് സർക്കാരിന്റെ ഔദ്യോഗിക സർവ്വീസ് പോർട്ടലായ www.services.kerala.gov.in ആറാം സ്ഥാനത്തെത്തിയത്. സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് പോർട്ടൽ രൂപകൽപ്പന ചെയ്തു സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്യുന്നത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമാണ്.
Read Also: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ 3 മണിയ്ക്ക്: വേഗത്തിൽ ഫലം അറിയാം, വിശദവിവരങ്ങൾ
Post Your Comments