തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്ഥാനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത അക്രമ പരമ്പര. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. വെള്ളയമ്പലത്തെ സി.ഐ.ടി.യുവിന്റെ ഓഫീസ് കോൺഗ്രസ് പ്രവർത്തകരും തിരിച്ചു ആക്രമിച്ചു. സി.പി.എം – കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത് തലസ്ഥാനത്തെ മുൾമുനയിൽ നിർത്തി.
‘കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. കോൺഗ്രസ് ഒരിക്കലും അക്രമത്തിന് മുതിർന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.’ കറൻസി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
വിമാനത്തിൽ ആദ്യം ആക്രമണവും കൈയ്യാങ്കളിയും നടത്തിയത് എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ്. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായാണ് വിമാനത്തിനുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആക്രമിച്ചത്. ഇരുവർക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മദ്യപാനികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. എന്നിട്ടും കോൺഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്റെ പാത തെരഞ്ഞെടുത്തില്ല.
തിരുവനന്തപുരം ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർ വെള്ളയമ്പലത്ത് ഇന്ദിര ഭവന് സമീപമെത്തിയതോടെ ഗേറ്റിന് അകത്ത് കടന്ന് കാർ അടിച്ചുതകർക്കാൻ ശ്രമിച്ചു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കോൺഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ഈ സമയത്ത് എകെ ആന്റണി ഓഫീസിനകത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തെ അപായപ്പെടുത്താനാണ് സിപിഎം ശ്രമിച്ചതെന്നും സുധാകരൻ ആരോപിച്ചു.
Post Your Comments