കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുൻകൂട്ടിയറിയിക്കാതെ മന്ത്രി വീണാ ജോർജ് ശനിയാഴ്ച രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷമാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാത്രി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം മന്ത്രി കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്.
രാത്രി 9.30ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി രാത്രി 11.45 വരെ അവിടെ ചെലവിട്ടു. രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാർ ഉണ്ടോയെന്നും പരിശോധിച്ചു. അത്യാഹിത വിഭാഗത്തിൽ രാത്രി കാലത്ത് സീനിയർ ഡോക്ടർമാരില്ലെന്ന് ബോധ്യമായി. അസി. പ്രൊഫസർ റാങ്കിലുള്ള സീനിയർ ഡോക്ടർമാരുടെ സേവനം അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ഉറപ്പാക്കാൻ മന്ത്രി കർശന നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മന്ത്രിയുടെ സന്ദർശനത്തെ തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയതും ക്വാളിറ്റി ഇപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പാക്കിയതും.
ആശുപത്രിയിൽ ലഭ്യമായ പാരസെറ്റമോൾ ഇൻജക്ഷൻ മരുന്ന് പുറത്തെഴുതിയതിനെതിരെ നടപടി സ്വീകരിക്കും. കുറവുള്ള മരുന്നുകൾ ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.ന് മന്ത്രി രാത്രിയിൽ തന്നെ നിർദേശം നൽകി. അത്യാഹിത വിഭാഗം, ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ, സ്റ്റാഫ് റൂം, വിവിധ എക്‌സ്‌റേ, സ്‌കാനിംഗ് യൂണിറ്റുകൾ എന്നിവ പരിശോധിച്ചു. പോരായ്മകൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ നടത്താൻ മന്ത്രി നിർദേശം നൽകി.
Post Your Comments