ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇഡിക്ക് മുന്നിലെത്തുക. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ബാധിതയായ സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎൽ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.
ചോദ്യം ചെയ്യലിന്റെ മുന്നോടിയായി പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമൊരുക്കി ദില്ലി പൊലീസ്. എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദില്ലി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നൊരുക്കം.
ഇതിനിടെ, രാഹുൽ ഗാന്ധിയെ അനുകൂലിച്ച് കോണ്‍ഗ്രസ് ദില്ലിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. തുഗ്ലക്ക് ലൈനിലെ വീടിന് സമീപത്താണ് ബോർഡുകൾ സ്ഥാപിച്ചത്. മോദിക്കും അമിത് ഷാക്കും മുന്നിൽ മുട്ടുമടക്കാൻ ഞാൻ സവർക്കർ അല്ല, രാഹുൽ ഗാന്ധിയാണ് എന്നിങ്ങനെയുള്ള വാചകങ്ങളുമായാണ് പോസ്റ്ററുകൾ. ‘ഡിയർ മോദി & ഷാ ഇത് രാഹുൽ ഗാന്ധി ആണ് നിങ്ങളെ വണങ്ങില്ല’ എന്നിങ്ങനെ പോകുന്നു പോസ്റ്ററുകൾ. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.
രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. റാലിക്ക് റാലിക്ക് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
Post Your Comments