
ഭുവനേശ്വർ: 70 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ഒഡീഷയിൽ ആണ് സംഭവം. വയോധികയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ആന വീണ്ടുമെത്തി, ചിതയിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞു. ചടങ്ങിൽ പങ്കെടുത്തവരിലും കുടുംബക്കാരിലും ഇത് ഞെട്ടലുണ്ടാക്കി. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ വ്യാഴാഴ്ചയാണ് ആദ്യം ആനയുടെ അക്രമമുണ്ടായത്.
വീട്ടിലെ ആവശ്യങ്ങൾക്കായി വെള്ളം ശേഖരിക്കാനായി കടവിൽ എത്തിയതായിരുന്നു മായാ മുർമു എന്ന വയോധിക. ദൽമ വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ ആന ഇവരെ ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ മായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച വൈകിട്ട് തന്നെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചു.
മൃതദേഹം സംസ്കരിക്കുന്നതിനിടെ ആന വീണ്ടും മടങ്ങിയെത്തി. ചിതയിൽനിന്ന് മൃതദേഹം എടുത്തെറിഞ്ഞ കാട്ടാന വീണ്ടും ചവിട്ടി. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് ആന കാട്ടിലേക്ക് തന്നെ മടങ്ങി. മണിക്കൂറുകൾക്കു ശേഷമാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത്. ആനയുടെ വിചിത്ര രീതിയെ ‘ആനപ്പക’ എന്നാണ് കണ്ടുനിന്നവരിൽ ചിലർ വിശേഷിപ്പിച്ചത്.
Post Your Comments