കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വ്യത്യസ്ത പ്രതികരണവുമായി സുശാന്ത് നിലമ്പൂർ. കേരളത്തിലുള്ളവർ കറുപ്പ് മാസ്ക് ധരിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞതായി താൻ എവിടെയും കേട്ടില്ലെന്നും, അങ്ങനെ വല്ല വീഡിയോയും ഉണ്ടെങ്കിൽ തനിക്ക് അയച്ച് തരണമെന്നും സുശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു.
‘കേരള മുഖ്യമന്ത്രി പിണറായി വിജയൻ കറുപ്പ് മാസ്ക് ആരും ധരിക്കരുതെന്ന് പറഞ്ഞതായി ഞാൻ എവിടെയും കണ്ടില്ല, കേട്ടില്ല. എല്ലാ മാധ്യമങ്ങളിലും ഇന്നലെയും ഇന്നുമായി പിണറായി കറുപ്പ് മാസ്ക് നിരോധിച്ചു എന്ന വാർത്ത കാണുന്നു. അദ്ദേഹം ഇങ്ങനെ പറയുന്ന വല്ല വീഡിയോ ഉണ്ടെങ്കിൽ ഈ പോസ്റ്റിനു താഴെ ഒന്ന് കമന്റ് ചെയ്യണേ. ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. കറുപ്പ് മാസ്ക് ഇല്ലാത്തതുകൊണ്ട് തൽക്കാലം ഒരു കറുപ്പ് കുത്തിൽ എഴുത്തു ചുരുക്കുന്നു’, സുശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ സുരക്ഷയ്ക്ക് പുറമെ 40 അംഗ സംഘത്തിന്റെ സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വലിയ വിവാദമായിരുന്നു. മാത്രമല്ല പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കറുപ്പ് വസ്ത്രം ധരിച്ചവരേയും കറുപ്പ് മാസ്‌ക് ധരിക്കുന്നവരേയും ഒന്നും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇതും വിവാദമായിട്ടുണ്ട്.
Post Your Comments