പാലക്കാട്: വാക്ക് തർക്കത്തിലേർപ്പെട്ട യുവാവിനെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവാലത്തൂർ കല്ലിങ്കൽ വീട്ടിൽ സജു (33), അക്ഷയ് (24) എന്നിവരാണ് പിടിയിലായത്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗുരുതര പരിക്കേറ്റ കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് (33) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ്.
കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഗിരീഷും പ്രതികളും തമ്മിൽ രാത്രി വാക്ക് തർക്കമുണ്ടായി. തുടർന്ന്, മടങ്ങിയ ഗിരീഷിനെ ഇരുവരും പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ബൈക്കപകടമാണെന്നായിരുന്നു നാട്ടുകാരും പൊലീസും ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയ ടൗൺ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകശ്രമമാണെന്ന് കണ്ടെത്തിയത്.
Read Also : അമ്പലപ്പുഴയിൽ വീട്ടമ്മ കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍
ടൗൺ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു എബ്രഹാം, എസ്.ഐ വി. ഹേമലത, അഡീഷനൽ എസ്.ഐ കെ. ഉദയകുമാർ, സി.പി.ഒമാരായ സജീന്ദ്രൻ, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments