Latest NewsIndia

അജയ് മാക്കൻ ജയിച്ചെന്ന് കരുതി ആഘോഷവുമായി കോൺഗ്രസ്, പിന്നാലെ തോറ്റെന്ന വാർത്ത

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ 16 ൽ 8 സീറ്റും നേടി ബിജെപി. മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി വിജയം നേടിയാണ് ബിജെപിയുടെ കുതിപ്പ്. ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിനേരിട്ടത്. കോൺഗ്രസിന്റെ സമുന്നത നേതാവായ അജയ് മാക്കനെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ ജയിച്ചെന്നാണ് നേതൃത്വം കരുതിയിരുന്നത്.

എന്നാല്‍, ഒരു വോട്ട് അസാധുവായതോടെ അജയ് മാക്കന്‍ തോറ്റു. സീറ്റ് ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് വിജയാഘോഷവും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റും ചെയ്തു. വോട്ട് അസാധുവായതോടെ ട്വീറ്റ് പിന്‍വലിച്ചു. 30 വോട്ടുകളാണ് അജയ് മാക്കന്‍ നേടിയത്. ഒരു വോട്ട് അസാധുവായതോടെ ബിജെപി പിന്തുണയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശര്‍മ്മയ്ക്ക് രാജ്യസഭയിലേക്കുള്ള വഴിതെളിഞ്ഞു. ബിജെപിയുടെ കൃഷ്ണ ലാല്‍ പന്‍വാറും തെരഞ്ഞെടുക്കപ്പെട്ടു. 31 വോട്ടാണ് പന്‍വാറിന് ലഭിച്ചത്.

കാര്‍ത്തികേയ ശര്‍മ്മയ്ക്ക് 28 വോട്ടുകളും ലഭിച്ചു. 90 എംഎല്‍എമാരുള്ള ഹരിയാന നിയമസഭയില്‍ 88 വേട്ടുകളാണ് പരിഗണിക്കപ്പെട്ടത്. ഒരു എംഎല്‍എ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇതോടെ, 29.34 വോട്ട് ഓരോ സ്ഥാനാര്‍ത്ഥിക്കും ജയിക്കാന്‍ ആവശ്യമായി വന്നു. 28 വോട്ടുകളുണ്ടായ കാര്‍ത്തികേയ ശര്‍മ്മ 29.66 വോട്ടുകള്‍ക്ക് മുന്‍തൂക്കമുണ്ടായി. തെരഞ്ഞെടുപ്പ് നടന്ന് എട്ട് മണിക്കൂറുകള്‍ക്ക് ശേഷം, ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

എംഎല്‍എമാര്‍ കാസ്റ്റിംഗ് വോട്ടില്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ഇരു പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വോട്ടെണ്ണലില്‍ അനിശ്ചിതത്വം നേരിട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരായ കിരണ്‍ ചൗധരിയും ബിബി ബന്ദ്രയും തങ്ങളുടെ ബാലറ്റ് പേപ്പര്‍ പരസ്യപ്പെടുത്തിയത് ക്യാമറയില്‍ പതിഞ്ഞതായി പന്‍വാറും ശര്‍മ്മയും ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പ് ഫലം പെട്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുഗമമായി നടന്ന തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിച്ചെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button