തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ബാലവേല തടയുന്നതിന് നിയമപ്രകാരമുള്ള പരിശോധനകൾ നടത്തുവാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാൽ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണം. ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിർദ്ദേശം നൽകിയത്.
കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നതിനു എതിരായി വിവിധ മാധ്യമങ്ങളിലൂടെ ബാലവേല വിരുദ്ധ ബോധവത്ക്കരണ സന്ദേശങ്ങൾ നൽകുന്നുണ്ട്. കേരളത്തിൽ ബാലവേല ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ വേണ്ട നിയമ നടപടികൾ സ്വീകരിക്കുകയും ചൈൽഡ് ലൈനും വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട് പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളിലെ സമഗ്ര വികാസത്തെ മുരടിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ ബാലവേല ശിക്ഷാർഹമാണ്. ഇതിനു പകരം അവരെ ക്ലാസ് മുറികളിലെത്തിക്കുകയും ഭാവി ജീവിതത്തിനു ഉതകുന്ന നൈപുണ്യം അവർക്ക് ലഭ്യമാക്കുകയുമാണ് വേണ്ടത്.
കുട്ടികൾ ജോലിയിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരെയോ, ചൈൽഡ് ലൈൻ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലോ, 0471 2783946 അല്ലെങ്കിൽ 1098 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
Post Your Comments