ജനീവ: 29 രാജ്യങ്ങളിലായി നൂറിലധികം മങ്കി പോക്‌സ് കേസുകൾ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 29 രാജ്യങ്ങളിലായി നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും എന്നാൽ, ഈ രാജ്യങ്ങളിൽ ഇതുവരെ മരണം രേഖപ്പെടുത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളോട് രോഗം പടരുന്ന സാഹചര്യത്തെക്കുറിച്ച് വിലയിരുത്താൻ നിർദ്ദേശം നൽകിയതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
‘മങ്കി പോക്‌സ് ആന്റിവൈറലുകളും വാക്‌സിനുകളും ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവയുടെ വിതരണം പരിമിതമാണ്. രോഗത്തെ ചെറുക്കാൻ ഒരു ഏകോപന സംവിധാനം വികസിപ്പിക്കാൻ ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നുണ്ട്. രോഗം വ്യാപിച്ച 29 രാജ്യങ്ങൾക്ക് ഉടൻ വാക്സിനേഷൻ ലഭ്യമാക്കും’- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
അതേസമയം, ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കി പോക്‌സ് വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചത്. നിരവധി കേസുകൾ നിരീക്ഷണത്തിലാണ്. യൂറോപ്പിലാണ് ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചതും നിരീക്ഷണത്തിലുള്ളതും.
Post Your Comments