മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുള്ളുള്ള മീനുകൾ കാത്സ്യത്താൽ സമ്പന്നമാണ്. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്‌നീഷ്യം എല്ലുകൾക്ക് ഗുണപ്രദമാണ്. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് കൊണ്ട് ധാരാളം കാത്സ്യം ശരീരത്തിലെത്തും.
50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദ്ദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാത്സ്യമാണ് പാലിലെ എല്ലുകൾക്ക് ഗുണമുളള മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെതന്നെ കൊഴുപ്പു നീക്കി ഉപയോഗിക്കണം.
കാത്സ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതമ്പ് മാവിനൊപ്പം സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭമാണ്. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിന് സഹായിക്കും.
വാൽനട്ട് പോലെയുളള നട്‌സ് ഇനങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പ് കൂടിയ ഭക്ഷണം അമിതമായാൽ മൂത്രത്തിലൂടെ കാത്സ്യം അധികമായി നഷ്ടമാവും.
ഡോക്ടറുടെ നിർദ്ദേശപ്രകാരമുളള വ്യായാമരീതികളും എല്ലുകളുടെ കരുത്ത് കൂട്ടുന്നു. എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികൾ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികൾ വ്യായാമമുറകൾ സ്വയം സ്വീകരിക്കരുത്. ചെടികൾ നനയ്ക്കൽ, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികൾ തന്നെ.
നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. സാധ്യമായ ജോലികൾ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനിൽ നിന്ന് യോഗ പരിശീലിക്കുന്നതും ഉചിതമാണ്.
Post Your Comments