തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ പരിശോധന നടത്തും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് നടപടി.
പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊതുവിതരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പരിശോധന. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ശൗചാലയങ്ങൾ, ഉച്ചഭക്ഷണ സാമഗ്രികളുടെ കാലപ്പഴക്കം തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന ജലഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് പൂർത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആറ് മാസത്തിലൊരിക്കൽ കുടിവെള്ള പരിശോധനയുണ്ടാകും.
വിദ്യാർത്ഥികൾക്ക് ശുചിത്വ ബോധവത്കരണം നൽകും. പാചകത്തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശുചിത്വ പരിശീലനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments