കോഴിക്കോട്: പാർട്ടിയുടെ ചതി എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വൈറലാകുകയാണ്. അമ്മയും പ്രായപൂർത്തിയായ സഹോദരിയുമുള്ള സിപിഎം പ്രവര്ത്തകന് പാർട്ടി വീട് വെച്ച് നൽകാമെന്നു നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നതാണ് പോസ്റ്റിലെ വിഷയം. പാർട്ടി വീട് വെച്ച് നല്കുമെന്ന വിശ്വാസത്തിൽ താമസിച്ചു കൊണ്ടിരുന്ന അടച്ചുറപ്പില്ലാത്ത വീട് ഇവർ പൊളിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ആ വാഗ്ദാനം പാലിക്കപ്പെടാതായതോടെ സുമനസ്സുകൾ യുവാവിന് വീട് വെച്ച് നൽകാനൊരുങ്ങുകയും ഇതിനായി അവർ തുനിഞ്ഞിറങ്ങുകയും ചെയ്തു. ഇതോടെ, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് പാർട്ടി ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് യുവാവിനെ പുറത്താക്കി. സിപിഎം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ കീഴിലുള്ള ചെങ്ങോട്ടുകാവ് ടൌൺ ബ്രാഞ്ച് അംഗമായ ഷിനിൽ കുമാറിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഇത് സംബന്ധിച്ചുള്ള പോസ്റ്റിന്റെ പൂർണ്ണ രൂപം:
ചെറുപ്പത്തിൽ തന്നെ അച്ഛൻ മരണപ്പെട്ട അവനൊരു പ്രായപൂർത്തിയായ- യുവതിയായ പെങ്ങളുണ്ട്
അവനൊരു അമ്മയുണ്ട്…
പലവട്ടം അവൻ വിശ്വസിച്ച പാർട്ടിയോട് കേണപേക്ഷിച്ചതാണ്…
ഒരു വീടിന് വേണ്ടി …
ചെയ്തുതരാമെന്ന് പറഞ്ഞ് വ്യാമോഹിപ്പിച്ചു എന്നല്ലാതെ ചെയ്തു കൊടുത്തില്ല…എന്നിട്ടും അവൻ പാർട്ടിയോടുള്ള കൂറുകൊണ്ട് മറ്റുള്ളവർ വാഗ്ദാനം ചെയ്ത വീട് ആദ്യമൊക്കെ സ്നേഹത്തോടെ നിരസിക്കുകയായിരുന്നു.
പക്ഷെ നേരം ഇരുട്ടാവുമ്പോൾ അവന്റെ ഉള്ളിൽ തീയാണ് കാരണം രണ്ട് സ്ത്രീകളെ കൊണ്ട് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയാൻ അവന് ഭയമുണ്ടായിരുന്നു. സാമ്പത്തിക പരാധീനത മൂലം ആ ഭയം സുഹൃത്തുക്കളുമായി അവൻ പങ്കു വെച്ചു. സുമനസ്സുകളായ സുഹൃത്തുക്കൾ ആ ദൗത്യം ഏറ്റെടുത്തു. എന്നാൽ അത് പാർട്ടി ഏമാൻമാർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. പാർട്ടി തിട്ടൂരമിറക്കി ….
നിസ്സഹായനായ അവന് പക്ഷെ ഒരു വീട് നിർബന്ധമാണ്….
ഇന്നിതാ അവനെ പാർട്ടി ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് പുറത്താക്കി എന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നു.
ചെങ്ങോട്ടുകാവിലെ നെല്ലൂളിക്കുന്നിൽ ഷിനിലിന്റെ നിലവിലെ അവസ്ഥ അറിയുന്ന ഏതൊരു മനസാക്ഷിയുള്ള മനുഷ്യരും അവന്റെ കഷ്ടപ്പാടിൽ പങ്കാളിയായികൊണ്ട് എങ്ങനെയെങ്കിലും ആ കുടുംബത്തെ കരകയറ്റുക എന്ന ഉദ്ദേശ്യമുളളവരാണ്. അതുകൊണ്ടാണ് അച്ഛൻ എടുത്ത ലോണിൽ ബാങ്കിലായിരുന്ന സ്ഥലത്തിന്റെ ആധാരം അവന്റെ അച്ഛന്റെ പത്താം ക്ലാസിലെ സഹപാഠികൾ ബാങ്കിലെ കടം വീട്ടി തിരികെ എടുക്കുവാൻ സഹായിച്ചത്.
അതുകൊണ്ടാണ് ബാങ്കിന്റെ പരമാവധി സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മേലൂർ സർവീസ് കോപ്രേറ്റീവ് ബാങ്ക് വലിയ വിട്ടു വീഴ്ച ചെയ്ത് ലോൺ സെറ്റിൽ ചെയ്തത് ….
കഷ്ടപ്പെടുന്നവന്റെ നേരെ മനുഷ്യന്റെ മനസ്സിൽ രൂപപ്പെടുന്ന സ്വാന്തനത്തിന്റേയും, ശക്തി പകരലിന്റേയും പേരാണ് ദൈവത്വം.
എന്നാൽ മറ്റുള്ളവന്റെ കഷ്ടപ്പാടിൽ ആനന്ദിക്കാൻ കഴിയുന്നതിനും, അവൻ അതിന് അർഹനാണെന്ന് പ്രചരിപ്പിക്കുന്നതിന്റേയും പേരാണ് അസുരത്വം :
പാർട്ടിയാണ് – ബഹുജന പാർട്ടിയെന്നാണ് അവകാശപ്പെടുന്നത്.
ഒന്നോർത്താൽ കൊള്ളാം :
നിങ്ങൾ പറഞ്ഞതനുസരിച്ച് നിങ്ങളുടെ വാക്ക് വിശ്വസിച്ചാണ് നിലവിലുണ്ടായിരുന്ന കിടപ്പാടം പൊളിക്കാൻ അവൻ തയ്യാറായത്. അത്രയേറെ വിശ്വാസമായിരുന്നു അവന് അവന്റെ പ്രസ്ഥാനത്തെ …
അവനെ നിങ്ങൾ പാർട്ടിയിൽ നിന്ന് പുറത്താക്കുക മാത്രമല്ല ചെയ്തത് .. ഉണ്ടായിരുന്ന കിടപ്പാടം പൊളിപ്പിച്ച് വഴിയാധാരമാക്കുകയും ചെയ്തു ….
എന്തായാലും – പാർട്ടി ഗ്രാമങ്ങളിൽ നിലവിലുള്ള സ്വേച്ഛാദിപത്യം, സ്റ്റാലിനിസം നമ്മുടെ നാട്ടിലും നടപ്പിലാക്കാമെന്ന അതിമോഹത്തിന്
ലാൽ സലാം….
നിങ്ങൾ എത്ര അവഗണിച്ചാലും
അവന് വീടു പണിത് നൽകും…
അതിന് ഈ നാട് ഒരുങ്ങി കഴിഞ്ഞു …
Post Your Comments