ഡൽഹി: ലോകം എട്ടാമത്തെ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാൻ ഇരിക്കവേ, യോഗാ ദിനത്തിന്റെ പ്രമേയം സർക്കാർ തിരഞ്ഞെടുത്തു. ‘യോഗ, മനുഷ്യത്വത്തിനായി’ എന്നതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ പ്രമേയമായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത്. ട്രാൻസ്ജെൻഡർ, സ്ത്രീകൾ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്കായുള്ള പ്രത്യേക പരിപാടികളും ഈ വർഷത്തെ പ്രത്യേകതയാണ്.
മുന്നോട്ടുവെച്ച ഒരുപാട് ആശയങ്ങളിൽ നിന്നും ദീർഘനാളത്തെ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് പ്രമേയം തിരഞ്ഞെടുത്തത്. കോവിഡ് മഹാമാരിയുടെ മൂർധന്യത്തിൽ നിന്നപ്പോൾ, അതിജീവനത്തിനായി യോഗ മനുഷ്യകുലത്തെ എങ്ങനെയാണ് സഹായിച്ചതെന്ന് ഈ ആശയം വ്യക്തമായി ചിത്രീകരിക്കുന്നുണ്ടെന്നാണ് പ്രമേയത്തെക്കുറിച്ച് ആയുഷ് മന്ത്രാലയം അഭിപ്രായപ്പെട്ടത്.
മനുഷ്യരിൽ പ്രതിരോധശക്തി വളർത്തി മഹാമാരിയുടെ കാലഘട്ടത്തെ അതിജീവിക്കാൻ യോഗ സഹായിച്ചു. സമൂഹത്തിൽ ദയയും അനുകമ്പയും വളർത്തി ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിക്കാനും അവർക്കിടയിൽ ഐക്യബോധം വളർത്താനും യോഗ മനുഷ്യരാശിയെ സഹായിച്ചു. ഒരു മനുഷ്യന്റെ രണ്ടു തലങ്ങളായ ആന്തരിക, ബാഹ്യതലങ്ങൾ തമ്മിലുള്ള തുടർച്ചയായ ബന്ധത്തിന്റെ ആഴം കൂട്ടാനും യോഗയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
Post Your Comments