ടെല്‍ അവിവ്: ഇറാന്‍ പ്രതികാരം ചെയ്യുമെന്ന ഭയത്തില്‍ ഇസ്രയേല്‍ മുന്‍കരുതലും വ്യോമ പ്രതിരോധവും ശക്തമാക്കി. ഇറാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഹസ്സന്‍ സയാദ് ഖൊദയാരിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ മുന്‍കരുതലും
വ്യോമ പ്രതിരോധവും ശക്തമാക്കിയത്.
അയല്‍രാഷ്ട്രങ്ങളായ ലബനനില്‍ നിന്നോ സിറിയയില്‍ നിന്നോ ഇറാന്‍ വ്യോമാക്രമണം നടത്താനുള്ള സാധ്യതയുള്ളതിനാല്‍ പ്രതിരോധ വിഭാഗം കടുത്ത ജാഗ്രത പാലിക്കുകയാണെന്നും വിവിധ വ്യോമ പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയ് 22-നാണ് ഇറാന്റെ ‘ഖുദ്സ് ഫോഴ്സ്’ അംഗമായ കേണല്‍ ഹസന്‍ സയാദ് ഖൊദയാരി ടെഹ്‌റാനിലെ തന്റെ വീട്ടിനു മുന്നില്‍ വെടിയേറ്റു മരിച്ചത്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ ഖൊദയാരിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ആണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമി വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ഖുദ്സ് ഫോഴ്സ് യൂണിറ്റ് 840 ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന ഖൊദയാരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍, കൊന്നത് തങ്ങള്‍ തന്നെയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തില്‍ ഇസ്രയേല്‍ സമ്മതിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments