Latest NewsIndiaInternational

നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരിച്ചു: യാത്രക്കാര്‍ ആരും രക്ഷപ്പെട്ടില്ല

വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു.

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർസിന്‍റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. മുംബൈയില്‍ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.

സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. മുസ്‌തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്‍റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്.

തെരച്ചിലിനായി നേപ്പാൾ ആർമി ഹെലികോപ്റ്ററും വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെൽ എഎൻഐയോട് പറഞ്ഞു. നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.

shortlink

Post Your Comments


Back to top button