ദിസ്‌പുർ : അസമിൽ കൂട്ടബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഫ്രുദ്ദീൻ കൊക്രജാറിലെ ആർഎൻബി സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 3 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് പലചരക്ക് കടയിൽ നിന്ന് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. 16 കാരിയുടെ പിതാവ് നൽകിയ പരാതിയിൽ മുഴുവൻ പ്രതികളെയും കൊക്രജാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്താൻ അഫ്രുദ്ദീനെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി.
ധോൽമര റാണിപൂർ തേയിലത്തോട്ടത്തിന് സമീപമെത്തിയപ്പോൾ പ്രതി ഒരു ഉദ്യോഗസ്ഥന്റെ പിസ്റ്റൾ തട്ടിയെടുക്കുകയും, പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ, മറ്റൊരു ഉദ്യോഗസ്ഥൻ ഉടൻ പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രതിയുടെ വലതുകാലിനാണ് വെടിയേറ്റതെന്ന് എഎസ്പി പനേസർ പറഞ്ഞു. ചികിത്സയ്ക്കായി കൊക്രജാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എഎസ്പി കൂട്ടിച്ചേർത്തു. എന്നാൽ, ഇവിടെ വച്ച് അഫ്രുദ്ദീൻ മരിച്ചു.
Post Your Comments