ന്യൂഡൽഹി: മഹാരാഷ്ട്ര എം.പി നവനീത് റാണയ്ക്കെതിരെ വധഭീഷണി. ഹനുമാൻ ചാലിസ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് റാണയ്ക്ക് നേരെ വധഭീഷണി കോളുകൾ വന്നുതുടങ്ങിയത്. പരാതിയിൽ ഡൽഹി പോലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു. കൊലവിളി സന്ദേശവുമായി നിരവധി കോളുകൾ വരുന്നുവെന്ന് ചൂണ്ടിക്കാട്ടി റാണ നൽകിയ പരാതിയിൽ നോർത്ത് അവന്യൂ പോലീസ് ആണ് കേസെടുത്തത്.
ബുധനാഴ്ചയാണ് നവനീത് റാണ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5.27 മുതൽ 5.47 വരെ 11 കോളുകൾ തന്റെ സ്വകാര്യ നമ്പറിലേക്ക് വന്നുവെന്ന് റാണ പരാതിയിൽ പറയുന്നു. വിളിച്ച വ്യക്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചുവെന്നും റാണ വ്യക്തമാക്കി. ഇനി ഹനുമാൻ ചാലിസ ചൊല്ലിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റാണ പോലീസിൽ പരാതി നൽകി. മഹാരാഷ്ട്രയിൽ വന്നാൽ കൊല്ലുമെന്ന് ആണ് ഭീഷണി ഉയർത്തിയവർ പറഞ്ഞതെന്നും പരാതിയിൽ ആരോപിക്കുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് ഏപ്രിലിൽ റാണയും അവരുടെ ഭർത്താവ് രവി റാണയും പ്രഖ്യാപിച്ചിരുന്നു. മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ ജപിക്കാൻ നിർബന്ധിച്ചതിന് ഏപ്രിൽ 23 ന്, രാജ്യദ്രോഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി മുംബൈ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വധഭീഷണി ഉയർന്നത്.
Post Your Comments