എറണാകുളം: മസ്കുലർ ഡിസ്ട്രോഫി രോഗബാധിതരായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുനരധിവാസ കേന്ദ്രം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ‘കോംപ്രഹെൻസീവ് ഫെസിലിറ്റി സെന്റർ ഫോർ ന്യൂറോ മസ്കുലർ ഡിസോഡർ’ എന്ന പേരിൽ ഒരു പുനരധിവാസ കേന്ദ്രം തുടങ്ങിയാൽ ഇത്തരം രോഗങ്ങൾ അനുഭവിക്കുന്നവരുടെ പുനരധിവാസം ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു പോകാൻ കഴിയുമെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് സ്വീകരിച്ചു കൊണ്ടാണ് ഉത്തരവ്.
മസ്ക്കുലർ ഡിസ്ട്രോഫി ശ്രേണിയിൽ വരുന്ന രോഗങ്ങൾ പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമല്ല. എന്നാൽ, ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് ഉണ്ടാകുന്ന ന്യുമോണിയ പോലുള്ള സങ്കീർണ്ണ രോഗങ്ങൾക്ക് മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് പുനരധിവാസം നൽകാൻ വീൽ ചെയറും ചലന ഉപകരണങ്ങളും സർക്കാർ നൽകുന്നുണ്ട്.
ജീൻ തെറാപ്പി, ജീൻ എഡിറ്റിംഗ് എന്നീ ചികിത്സാ രീതികൾക്ക് സർക്കാർ അനുമതി നൽകണമെന്ന പരാതിക്കാരനായ ജെറിൻ ജോൺസന്റെ ആവശ്യം സർക്കാർ തലത്തിൽ പരിഗണിക്കേണ്ടതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കമ്പനികൾക്ക് മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന് അനുമതി നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിക്കേണ്ടതാണെന്ന് റിപ്പോർട്ടിലുണ്ട്.
സർക്കാരിന് ഇത്തരം രോഗികളുടെ കാര്യത്തിൽ ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്താമെന്നിരിക്കെ, അത്തരം നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. രോഗികൾ നേരിടുന്ന ശാരീരികമായ പ്രയാസങ്ങൾക്കും ആശങ്കകൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Post Your Comments