തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തത് ഉചിതമായ തീരുമാനമെന്ന് എം.എ ബേബി. കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്തുണ നേടാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഉചിതമായ കൂട്ട് ആണ് പി.സി ജോർജ് എന്ന് ബേബി വിമർശിച്ചു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ പി.സി ജോർജിൽ നേതാവിനെക്കാണുമെന്ന് കരുതാൻ അസാമാന്യ ചങ്കൂറ്റം വേണമെന്ന് പരിഹസിച്ച എം.എ ബേബി, സംഘപരിവാറിന് ആളെക്കൂട്ടാൻ നടക്കുന്ന പി.സി ജോർജുമാരുടെ ഒച്ച, ഒറ്റപ്പെട്ട ചില അവിവേകികളുടെ ഓരിയിടലിൽ കൂടുതൽ ഒന്നുമല്ലെന്നും വ്യക്തമാക്കി.
Also Read:കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ
‘മതദ്വേഷപ്രസംഗം നടത്തിയ പി.സി ജോർജിനെ അറസ്റ്റ് ചെയ്തത് ഉചിതമായി. ആരെയും എന്തും പറയാൻ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലായിരുന്നു എന്നും പി.സി ജോർജ്. അതിന് ഇങ്ങനെ എങ്കിലും ഒരു അറുതി വരുമെങ്കിൽ അത്രയും നല്ലത്. മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയ്ക്കൊപ്പം നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതുമാത്രമാണ് ഇന്ന് എല്ലാ മതന്യൂനപക്ഷങ്ങളുടെയും മുന്നിലെ ഏകവഴി’, എം.എ ബേബി വ്യക്തമാക്കുന്നു.
അതേസമയം, കേസിൽ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേയ്ക്ക് പി.സിയെ റിമാൻഡ് ചെയ്‌തു. രാവിലെ എട്ടോടെയാണ് പി.സി ജോര്‍ജിനെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിന്‍രെ ചേംബറില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേട്ട് കോടതി ബുധനാഴ്‌ച ജോർജിന്റെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി എ ആർ ക്യാമ്പിലെത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. വെണ്ണല കേസിൽ ഹാജരാകാൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയ ജോർജിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments