ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയ കുട്ടി വര്‍ഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും, സെക്രട്ടറി മുജീബും ഒന്നും രണ്ടും പ്രതികളാവും. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. റാലിയിലെ മുദ്രാവാക്യത്തിനെതിരെ അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. സംഭവത്തില്‍, ഇന്നലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ പൊലീസ് പിടികൂടിയത്. കുട്ടിയെ ആലപ്പുഴയിലെത്തിച്ചത് ഇയാളായിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പാണ് ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. എന്നാല്‍ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്. അതേസമയം, സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി പോയിട്ടുണ്ട്. ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളും, സംഘടനകളും സംഭവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments