ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ദളിത് മോർച്ച സൗത്ത് ചെന്നൈ നേതാവ് ബാലചന്ദർ (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ, ചിന്താരിപ്പെട്ടിൽവെച്ചാണ് ബാലചന്ദറിന് നേരെ ആക്രമണം ഉണ്ടായത്.
നേരത്തെ, വധഭീഷണി നിലനിന്നിരുന്നതിനാൽ ബാലചന്ദറിന് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുടെ സുരക്ഷ നൽകിയിട്ടുണ്ടായിരുന്നു. ചിന്താരിപ്പെട്ടിലെ സാമിനായകൻ സ്ട്രീറ്റിൽ, സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥൻ സമീപത്തെ കടയിൽ ചായ കുടിയ്‌ക്കാനായി പോയ തക്കം നോക്കിയായിരുന്നു ആക്രമണം.
ഇരു ചക്രവാഹനങ്ങളിൽ എത്തിയ അക്രമികൾ, ബാലചന്ദറിനെ തലങ്ങുംവിലങ്ങും വെട്ടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലചന്ദറിനെ, ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ, പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments