കൊല്ലം: തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ കരഞ്ഞുകൊണ്ട് വിസ്മയ പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ഓഡിയോയിൽ വിസ്മയയെ ഭർത്താവ് അടിക്കുമെന്നും തനിക്ക് ഭയമാണെന്നും പിതാവിനോട് പറഞ്ഞപ്പോൾ ‘മക്കളെ, അതൊക്കെ നേരത്തെയല്ലേ, ഇതാണ് ജീവിതം ..’ എന്ന് പിതാവ് പറയുന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്.
ഈ സംഭവത്തിൽ പലരും പിതാവ് ത്രിവിക്രമനെ കുറ്റപ്പെടുത്തിയിരുന്നു. ‘വീട്ടിൽ പീഡനം സഹിക്കുന്നു, അവിടെ നിക്കാൻ വയ്യ എന്ന് മകൾ കരഞ്ഞ് പറഞ്ഞിട്ടും എന്തുകൊണ്ടാണ് മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാതിരുന്നത് ? മകളെ തിരിച്ചു കൊണ്ടുവന്നിരുന്നുവെങ്കിൽ വിസ്മയ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നോ?’ സമൂഹത്തിന്റെ ഈ ചോദ്യത്തോടാണ് ഇപ്പോൾ അച്ഛൻ ത്രിവിക്രമൻ നായരുടെ പ്രതികരണം. 24 ന്യൂസിനോടാണ് അദ്ദേഹം പ്രതികരിച്ചത്.
അത് ഇപ്രകാരം,
‘ആ ഓഡിയോ മെസേജ് വന്നതിന് ശേഷം ഞാൻ അവിടെ പോയി. എന്റെ കുട്ടിയെ ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കുട്ടി. അല്ലാതെ അവളെ കളഞ്ഞിട്ടില്ല. ഞാൻ 26 വർഷം ഗൾഫിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കിരണിന് കൊടുത്തത്. 80 പവനും പതിനൊന്നേകാൽ ലക്ഷത്തിന്റെ വണ്ടിയും, ഒന്നേകാൽ ഏക്കർ വസ്തുവും കൊടുക്കാമെന്ന് പറഞ്ഞതാണ്. അതവന് പോര. വിസ്മയയുടെ ഫോൺ വന്നതിന് ശേഷം വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.’
‘ഈ സമയത്തായിരുന്നു മകന്റെ കല്യാണം. ഞാനും എന്റെ ഭാര്യയും അവരെ പോയി വിളിച്ചിരുന്നു. അവരാരും കല്യാണത്തിന് വന്നില്ല. അതിന് ശേഷം ഈ ബന്ധം വേണ്ടെന്ന് മകളോട് ഞാൻ പറഞ്ഞിരുന്നു. അവസാന പരീക്ഷ നടന്ന 17-ാം തിയതിയാണ് എന്റെ കുട്ടി എന്നോട് പറയാതെ കോളജിൽ നിന്ന് കിരണിനൊപ്പം പോയത്. അവനെന്ത് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എന്റെ കുട്ടിയെ കൊണ്ടുപോയതെന്ന് അറിയില്ല’.
read also: ആലപ്പുഴയിലെ രാഹുലിനെ കാണാതായിട്ട് 17 കൊല്ലം: കാത്തിരിപ്പിന് വിരാമമിട്ട് പിതാവ് ജീവനൊടുക്കി
അതേസമയം, കോടതിയിൽ അത്രയധികം ക്രൂരമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് ത്രിവിക്രമൻനായർ പറഞ്ഞു. ഇനി ഒരച്ഛനും ഇത്തരമൊരു അവസ്ഥ വരുത്തരുതേ എന്ന് മാത്രമാണ് തന്റെ പ്രാർത്ഥനയെന്നും അദ്ദേഹം പറയുന്നു. പെണ്മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയിട്ട് മാത്രം കല്യാണം കഴിപ്പിക്കണമെന്നാണ് വിസ്മയയുടെ അമ്മയുടെ പക്ഷം.
Post Your Comments