കാെല്ലം: കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന കോടതി വിധിയ്ക്ക് പിന്നാലെ, മന്ത്രിയുടെ പ്രതികരണം. കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി ശരിയെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
അതേസമയം, കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി. കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം, (സെക്ഷൻ 304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (സെക്ഷൻ 306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ നാളെ വിധി പറയും. വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലെത്തിയിരുന്നു. കിരണിന്റെ ബന്ധുക്കളാരും കോടതിയിലെത്തിയില്ല.
2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ, വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. കുറ്റമറ്റ അന്വേഷണമാണ് നടന്നതെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും വിസ്മയയുടെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു.
Post Your Comments