ന്യൂഡൽഹി: രാജ്യത്ത് മദ്രസ എന്ന വാക്ക് തന്നെ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്‌കൂളുകളില്‍ എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിലെ സമീപകാല ബുൾഡോസർ രാജിനെ കുറിച്ചും ശർമ സംസാരിച്ചു.
‘മദ്രസ’ എന്ന വാക്ക് അപ്രത്യക്ഷമാകണം. വീട്ടിൽ ഖുറാൻ പഠിപ്പിക്കുക. കുട്ടികളെ സ്കൂളിൽ പഠിപ്പിക്കേണ്ടത് ശാസ്ത്രവും ഗണിതവുമാണ്. ഒരു പ്രത്യേക മതത്തിന് മാത്രം മതവിദ്യാഭ്യാസം നൽകുന്നതിനായി സംസ്ഥാനത്തിന്റെ പണം ചെലവഴിക്കേണ്ടതില്ലെന്ന് ഞങ്ങൾക്ക് തോന്നി’, അദ്ദേഹം പറഞ്ഞു. സർക്കാർ ധനസഹായത്തോടെയുള്ള മദ്രസകൾ നിർത്തലാക്കണമെന്ന വാദത്തിൽ തന്റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം.
മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നിടത്തോളം കാലം, കുട്ടികള്‍ക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘മദ്രസയില്‍ പോയാല്‍ ഡോക്ടറും എഞ്ചിനീയറും ആകില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞു നോക്കൂ, അവർ പോകുന്നത് നിര്‍ത്തും. നിങ്ങളുടെ മക്കളെ ഖുറാൻ പഠിപ്പിച്ചോളൂ, പക്ഷേ അത് വീട്ടില്‍ നിന്ന് മാത്രം. കുട്ടികളെ നിര്‍ബന്ധിച്ച് മദ്രസകളില്‍ അയക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്’, ശർമ പറഞ്ഞു.
2020ല്‍ മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് സര്‍ക്കാരിന് കീഴിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പ്രവിശ്യ മദ്രസകളും പൊതു വിദ്യാലയങ്ങളാക്കി മാറ്റുന്ന നിയമം ഗുവാഹത്തി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
Post Your Comments