കൊച്ചി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ ആശ്വാസ നടപടിയായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് 9 രൂപയും ഡീസലിന്റേത് ലിറ്ററിന് 7 രൂപയുമാണ് കുറച്ചത്. ഇതിന് പിന്നാലെ, സംസ്ഥാന സർക്കാരും പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത് വന്നിരുന്നു.
കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, കേരളവും ഇന്ധനവിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചത്. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ, ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും, ഇതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും ധനമന്ത്രി ഫേസ്ബുക്കിലെഴുതി. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Also Read:യുഎഇയിൽ ചൂട് ഉയരുന്നു: താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്
എന്നാൽ, ഇതിനെതിരെ സോഷ്യൽ മീഡിയയും ബി.ജെ.പി, കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ‘പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്’ എന്ന വരിയാണ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. രാജ്യത്തുണ്ടായ നികുതി കുറവിന്റെ സ്വാഭാവിക കുറവിനെ എന്തിനാണ് ‘കുറയ്ക്കും’ എന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
‘കുറയ്ക്കുക്ക എന്ന് പറഞ്ഞാൽ, സംസ്ഥാന സർക്കാർ അതിനായി ഒരു ശ്രമം നടത്തിയതിന്റെ ഭാഗമായി കുറഞ്ഞു എന്നാണ് അർത്ഥം. എന്നാൽ താങ്കൾ പറഞ്ഞ നികുതി കുറവ് ഉണ്ടായത് രാജ്യത്തുണ്ടായ നികുതി കുറവിന്റെ സ്വാഭാവിക കുറവാണ്. അതിൽ സംസ്ഥാന സർക്കാരിന്റെ യാതൊരു ഇടപെടലുമില്ല. അതിനാൽ താങ്കളുടെ കുറിപ്പിലെ ഭാഷാ പിഴവ് തിരുത്തുവാൻ ശ്രദ്ധിക്കുക. അതല്ലാതെ സംസ്ഥാന നികുതി കുറയ്ക്കുവാനുള്ള പ്രാഗത്ഭ്യം ഒന്നും താങ്കൾക്കില്ലാത്തതു കൊണ്ട് അത് തിരുത്തുവാൻ പറയുന്നില്ല’, രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments