പെരിന്തല്‍മണ്ണ: സൗദിയില്‍ നിന്നെത്തിയ അഗളി സ്വദേശി ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതികരണവുമായി പൊലീസ്. ജലീലിന്റെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ കസ്റ്റഡിയിലെടുത്തു. വാക്യത്തൊടി അബ്ദുല്‍ ജലീല്‍(42) ആണ് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
Read Also:‘കേന്ദ്രത്തിന് പിന്നാലെ കേരളവും’: പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി
അതേസമയം, മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ജലീലിനെ രാത്രി ആശുപത്രിയിലെത്തിച്ചത് യഹിയയാണെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. ഗുരുതര
പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജലീല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം കബറടക്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംശയം മൂലം, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ജലീലിനെ സ്വര്‍ണക്കടത്തു സംഘം ഉപയോഗപ്പെടുത്തിയിരുന്നോ, കടത്തു സംഘങ്ങളുടെ കുടിപ്പകയ്ക്കു ജലീല്‍ ഇരയായോ, മറ്റെന്തെങ്കിലും ഇടപാടുകള്‍ നടന്നോ തുടങ്ങിയവയെല്ലാം അന്വേഷിക്കുന്നുണ്ട്.
വഴിയോരത്തു കണ്ടെത്തിയതാണെന്നു പറഞ്ഞ്, വ്യാഴാഴ്ച രാത്രി ജലീലിനെ യഹിയ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് ജലീല്‍ വീട്ടിലേക്ക് വിളിച്ചതും, ജലീലിനെ ആശുപത്രിയിലെത്തിച്ച വിവരം പറയാന്‍ അജ്ഞാതന്‍ വീട്ടിലേക്ക് വിളിച്ചതും ഒരേ നമ്പറില്‍ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.
10 വര്‍ഷമായി ഗള്‍ഫില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീലിന്, അഗളിയില്‍ 3 സെന്റ് സ്ഥലവും പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച വീടും മാത്രമാണു സമ്പാദ്യം. 2 വര്‍ഷം മുന്‍പാണ് നാട്ടിലെത്തി മടങ്ങിയത്.
Post Your Comments