ജയ്പൂർ: ഹണിട്രാപ്പിൽ കുടുങ്ങിയ സൈനികൻ അറസ്റ്റിൽ. പാകിസ്ഥാന് വേണ്ടി സൈനിക നീക്കങ്ങൾ ചോർത്താനായി വന്ന വനിതയുടെ വലയിലാണ് 24 കാരനായ ആർമി ഉദ്യോഗസ്ഥൻ കുടുങ്ങിയത്. രാജസ്ഥാൻ പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ജോധ്പൂരിൽ നിയമിതനായ പ്രദീപ് കുമാർ ഫേസ്ബുക്കിലൂടെയാണ് പാക് വനിതയുമായി ചങ്ങാത്തത്തിലായത്. പ്രദീപുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പാകിസ്ഥാൻ ചാര യുവതി ഹിന്ദു മതസ്ഥയായി അഭിനയിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്നാണെന്നും ഛദ്ദം എന്നാണ് പേരെന്നും പ്രദീപിനെ വിശ്വസിപ്പിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും പ്രദീപിനെ അറിയിച്ചു. യഥാർത്ഥത്തിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസ് ഇന്റലിജൻസിലായിരുന്നു യുവതി പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. മാസങ്ങൾ തുടർന്ന ബന്ധത്തിനിടെയാണ് ഇന്ത്യൻ സൈന്യത്തിന്റെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദീപിൽ നിന്ന് യുവതി ചോർത്തിയെടുത്തത്.
വാട്‌സാപ്പ് വഴിയായിരുന്നു കൈമാറ്റം. ഇതിനിടെ ചാരവൃത്തി സംശയിച്ച് രാജസ്ഥാൻ പോലീസാണ് പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. ശേഷമുണ്ടായ ചോദ്യം ചെയ്യലിൽ വിവരങ്ങൾ പുറത്തുവരികയും അറസ്റ്റിലാകുകയുമായിരുന്നു. പ്രദീപിന്റെ മറ്റൊരു പെൺ സുഹൃത്തും കുറ്റകൃത്യത്തിൽ പങ്കാളിയായിരുന്നു.
Post Your Comments