കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഇതോടെ, കല്ലാച്ചി-നാദാപുരം ടൗണുകളിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കർശനമാക്കി. പഴകിയ പാൽ ഉപയോഗിച്ചുള്ള ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യ വിഷബാധയേറ്റു. തുടർന്ന്, നാദാപുരം ബസ് സ്റ്റാൻഡിലെ ബേയ്‌ക്ക് പോയിന്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നൽകി.
ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ഇവിടെ നിന്നും ചായ കുടിച്ചത്. നിരോധിത കളർ ഉപയോഗിച്ച് എണ്ണ പലഹാരങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയതിനും ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തിയതിനും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ മുമ്പിലുള്ള കട പൂട്ടാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ നാദാപുരം മേഖലയിലെ മുപ്പതിൽ അധികം കച്ചവട സ്ഥാപനങ്ങളുടെ പേരിൽ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് കല്ലാച്ചിയിലെ ഫുഡ് പാർക്ക് ഹോട്ടലിൽ നിന്ന് മജ്ബൂസ് കഴിച്ച മൂന്ന് കുട്ടിൾക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിച്ചു. അന്വേഷണം കഴിയുന്നതുവരെ ഹോട്ടലിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments