പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ കൈകളിലാണ് എന്നത് കൊണ്ട് തന്നെ ഗർഭകാലം ചില അരുതുകളുടേതുമാണ്. ആൽക്കഹോൾ, കഫീൻ, നിക്കോട്ടിൻ മുതലായവ ഗർഭിണികള്‍ ഒഴിവാക്കണം. ഇതോടൊപ്പം മേക്കപ്പും ഒഴിവാക്കേണ്ടതാണോ എന്ന് ചിലർക്ക് സംശയം തോന്നാം. സംശയിക്കേണ്ട.. ഗർഭിണികൾ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിൽ ഒരു തരത്തിലുള്ള സൗന്ദര്യ വർധകങ്ങളും ഉപയോഗിക്കരുത്.
സൗന്ദര്യ വർധക വസ്തുക്കളിൽ അടങ്ങിയ രാസവസ്തുക്കൾ ഭ്രൂണത്തിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും കുട്ടിക്ക് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂട്ടുകയും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
മേക്കപ്പ് സാധനങ്ങളായ ലിപ്സ്റ്റിക്, ലിപ്പ്ഗ്ലോസ്, ലിപ്പ് ബാം, ഐലൈനർ, മസ്കാര, ഡിയോഡ്രന്റുകൾ, നെയിൽപോളിഷ്, ഫൗണ്ടേഷൻ, ബോഡി ഓയിൽ, ടാൽക്കം പൗഡർ, ഹെയർ റിമൂവൽ ഉൽപ്പന്നങ്ങൾ, ഹെയർ ഡൈ ഇവ നിരവധി അപകടങ്ങൾ ഉണ്ടാക്കും. ഇത് ഗർഭമലസൽ, വന്ധ്യത, പ്രായപൂർത്തിയെത്തുന്നത് വൈകിപ്പിക്കുക, ഹോർമോൺ വ്യതിയാനം, എൻഡൊക്രൈൻ ഗ്ലാൻഡിനു തകരാറ്, മാസം തികയാതെയുള്ള പ്രസവം, ജനനവൈകല്യങ്ങൾ, എൻഡോമെട്രിയാസിസ് ഇവയ്ക്ക് കാരണമാകാം.
ക്രീമുകളും, ജെല്ലുകളുമാണ് ഏറ്റവും അപകടകരം. മുഖക്കുരു മാറാനുള്ള ക്രീമുകളിൽ റെറ്റിനോയിഡുകൾ ഉണ്ട്. ഇത് ഗർഭമലസലിനും ഭ്രൂണത്തിന്റെ അസ്വാഭാവിക വളർച്ചയ്ക്കും കാരണമാകും. മുഖക്കുരു മാറാനുള്ള ക്രീമുകൾ ഗർഭകാലത്ത് ഒഴിവാക്കുക തന്നെ വേണം. ട്രൈക്ലോസാൻ, ട്രൈക്ലോ കാർബൺ ഇവ പെഴ്സണൽ കെയർ ഉൽപ്പന്നങ്ങളായ സോപ്പിൽ ഉണ്ട്. ഇവ ആന്റി മൈക്രോബിയൽ ഏജന്റുകളായി പ്രവർത്തിക്കുന്നു. ഇവ ശരീരത്തിന് ദോഷം ചെയ്യും.
നെയിൽപോളിഷിൽ അടങ്ങിയ ഫോർമാൽഡിഹൈഡ്, കൂടാതെ നിരവധി ഓർഗാനിക് സംയുക്തങ്ങൾ ഇവ ജനനവൈകല്യത്തിനും വന്ധ്യതയ്ക്കും കാരണമാകും. നഖങ്ങൾക്ക് തിളക്കം കിട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ് ടൊളുവിൻ. ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കും. പ്രത്യുല്പ്പാദനക്ഷമത ഇല്ലാതാക്കും. സൗന്ദര്യ വർധക വസ്തുക്കളിലെല്ലാം അടങ്ങിയവയാണ് താലേറ്റുകൾ. ഇത് ഹോർമോൺ നിലയെ തകരാറിലാക്കും. വന്ധ്യതയ്ക്കും കാരണമാകും.
Post Your Comments