കൊച്ചി: വി ഡി സവര്‍ക്കറിന് വേണ്ടി സംഘ്പരിവാര്‍ അനുകൂലികള്‍ നടത്തുന്ന പ്രചാരണങ്ങളും പ്രതികരണങ്ങളും അനാവശ്യമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ‘കണ്ണൂര്‍ കാവി രാഷ്ട്രീയം’ എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയിലാണ് ബിജെപി സംസ്ഥാന ബൗദ്ധിക സെല്‍ കണ്‍വീനര്‍ ചുമതല വഹിച്ചിരുന്ന മോഹന്‍ദാസിന്റെ പ്രതികരണം.
വി ഡി സവര്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, താന്‍ വി ഡി സവര്‍ക്കറിനേക്കുറിച്ച് കൂടുതല്‍ കേള്‍ക്കുന്നത് തന്നെ 90കളിലാണ് എന്ന് വ്യക്തമാക്കി. ‘ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കത്തെഴുതിയെന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍എസ്എസിന്റെ ഭാഗമല്ല. ആര്‍എസ്എസിന്റെ ഒരു വേദിയില്‍ പോലും സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ല. ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാര്‍ അവിചാരിതമായി ഒരു വേദിയില്‍ സവര്‍ക്കറെ കണ്ടുമുട്ടിയുണ്ടെന്ന് മാത്രം.’
‘ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മതിപ്പേ ആര്‍എസ്എസുകാരോട് വി ഡി സവര്‍ക്കറിന് ഉണ്ടായിരുന്നുള്ളൂ. സവര്‍ക്കര്‍ ഒരുപാട് ആളുകള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ക്ക് കത്തെഴുതിയത് അപൂര്‍വ്വമാണ്. സവര്‍ക്കറിന്റെ പേരിലുള്ള രത്‌നഗിരി മ്യൂസിയത്തില്‍ പോലും അവയില്ല.’
‘ഒരു ആര്‍എസ്എസുകാരനെന്ന് വി ഡി സവര്‍ക്കറെ പറയാന്‍ പറ്റില്ല. സവര്‍ക്കരുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടാനോ കേസുനടത്താനോ പോകേണ്ട കാര്യമില്ല.’ മോഹൻദാസ് കൂട്ടിച്ചേർത്തു. തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള ‘ആസാദി കുട’ ഉയര്‍ത്താന്‍ ശ്രമം നടന്നതും അത് നടക്കാതെ വന്നപ്പോള്‍ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധതിയിട്ടതും ചര്‍ച്ചയായപ്പോഴാണ് ടി ജി മോഹന്‍ദാസിന്റെ വാക്കുകള്‍.
Post Your Comments