കൊളംബോ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയസമിതി രൂപീകരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നിയുക്ത ശ്രീലങ്കൻ പ്രധാനമന്ത്രി.
‘അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും’- വിക്രമസിംഗെ പറഞ്ഞു.
Read Also: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന
‘അടുത്ത രണ്ടു മാസങ്ങൾ വളരെ നിർണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം. ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകണം. 2022 വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഒരുങ്ങണം’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെത്തുടർന്നാണ് ഒത്തുതീർപ്പിലൂടെ യു.എൻ.പി (യുണൈറ്റഡ് നാഷനൽ പാർട്ടി) നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായത്.
Post Your Comments