കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെ ഭർത്താവ് സജാദിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം. ഇത് തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സജാദിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് മരിക്കും മുൻപ് ഷഹന വിളിച്ച് പറഞ്ഞിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഷഹനയുടെ കുടുംബം ആരോപണമുന്നയിച്ചതോടെ, സജാദിന്റെ ഉമ്മയും പ്രതികരണമറിച്ച് രംഗത്ത് വന്നു.
ഷഹനയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നാണ് സജാദിന്റെ ഉമ്മ പറയുന്നത്. ഏറെക്കാലം മുൻപ് മകനും മരുമകളും വീട് വിട്ടതാണെന്നും പിന്നീട്, കാര്യമായ ബന്ധമുണ്ടായിട്ടില്ലെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ അന്നുമുതൽ വീട്ടിൽ ഇരുവരും വഴക്ക് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയ ഇവർ, മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണമെന്നും പറഞ്ഞു. സജാദ് ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഇവർ മനോരമ ന്യൂസിനോട് പറഞ്ഞു.
ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. സജാദിനെതിരെ ഇവർ താമസിക്കുന്ന വീടിനടുത്തുള്ളവരും മൊഴി നൽകിയിട്ടുണ്ട്.
Post Your Comments