വത്തിക്കാൻ: രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഭാരതത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ഇന്ത്യൻ സഭയുടെ വൈദികൻ അല്ലാത്ത ആദ്യ വിശുദ്ധൻ കൂടിയാണ് ദേവസഹായം പിള്ള. നീലകണ്ഠപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
വത്തിക്കാനിലെ ചടങ്ങുകൾക്ക് ഒപ്പം ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയിലും പ്രത്യേക കൃതജ്ഞത ബലി അർപ്പിച്ചു. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂർപൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിൻകോട് പള്ളിയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടന്നു. വൈകിട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലും ദിവ്യബലിയുണ്ടാകും.
മാർത്താണ്ഡ വർമ രാജാവിന്‍റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. രാജാവിന്‍റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.
Post Your Comments