അഗര്‍ത്തല: മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും. ബിപ്ലവ് കുമാർ ദേവ് രാജിവച്ചതിന് പിന്നാലെ, ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഭൂപേന്ദ്രയാദവ്, വിനോദ് താവ്ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ്, എംപിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
പാര്‍ട്ടിയിലെ എതിര്‍പ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ച്, ബിപ്ലവ് കുമാര്‍ ദേവിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം, ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിപ്ലവ് കുമാര്‍ ദേബ് കണ്ടിരുന്നു. ഇതിന് പിന്നാലെ ബിപ്ലവ് ദേവ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
തനിക്ക് പദവിയല്ല പാര്‍ട്ടിയാണ് വലുതെന്ന്, രാജി വെച്ചതിന് പിന്നാലെ, ബിപ്ലബ് ദേവ് പറഞ്ഞു. ത്രിപുരയിലെ ജനങ്ങളുടെ വികസനത്തിനായുള്ള ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് ബിപ്ലവ് കുമാർ ദേവ്. 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമമിട്ട്, 2018ലാണ് ബിപ്ലവിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്.
ബിപ്ലവിനെതിരെ പാർട്ടിയിൽ കുറെക്കാലമായി ആഭ്യന്തര കലാപം നടന്നുവരികയായിരുന്നു. എംഎല്‍എമാരായ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നിവർ, കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി, സംസ്ഥാനത്തെ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.
Post Your Comments