ഡൽഹി: തലസ്ഥാന നഗരത്തിൽ, മുണ്ട്ക മെട്രോ സ്റ്റേഷനു സമീപം വൻ അഗ്നിബാധ.
അപകടത്തിൽ 27 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. സ്റ്റേഷനടുത്തുള്ള നാലുനില കെട്ടിടത്തിലാണ് തീ പടർന്നു പിടിച്ചത്. ഇരുപതോളം കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നത്.
നാൽപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന് ഒരു പ്രവേശന കവാടം മാത്രം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തെ വളരെയധികം ബാധിച്ചു. മണിക്കൂറുകൾ കഴിഞ്ഞാണ് മുകളിലെ നിലയിലേക്ക് അഗ്നിശമനസേനാ പ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്. ഇതിനോടകം തന്നെ ചിലർ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു. താഴത്തെ നിലകളിൽ നിന്നും മുകളിലേക്ക് ഓടിക്കയറിവർ അവിടെയും കത്തിത്തുടങ്ങിയതോടെ കുരുക്കിലായി. മുപ്പതോളം അഗ്നിശമനസേനയുടെ വാഹനങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പക്ഷേ, രാത്രി 11 മണിയോടെ മാത്രമാണ് തീ നിയന്ത്രണ വിധേയമായത്.
Post Your Comments